- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർലമെന്റിൽ ചോദ്യമുന്നയിക്കാൻ പണം: മഹുവ മൊയ്ത്ര സമർപ്പിച്ച ഹർജി തള്ളി കോടതി
ന്യൂഡൽഹി: പാർലമെന്റിൽ ചോദ്യമുന്നയിക്കുന്നതിനു പണം വാങ്ങിയെന്ന ആരോപണം തനിക്കെതിരെ ഉന്നയിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയണമെന്ന തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ബിജെപി എംപി നിഷികാന്ത് ദുബെ, അഭിഭാഷകൻ അനന്ത് ദേഹ്റായ് എന്നിവരെ ഇക്കാര്യത്തിൽ വിലക്കണമെന്നാണു മഹുവ ആവശ്യപ്പെട്ടിരുന്നത്.
ബിസിനസുകാരനായ ദർശൻ ഹിരനന്ദാനിയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന പ്രചാരണം തടയണമെന്നാവശ്യപ്പെട്ടാണ് മഹുവ മൊയ്ത്ര കോടതിയെ സമീപിച്ചത്. ചോദ്യമുന്നയിക്കാൻ പണം വാങ്ങിയതായുള്ള ആരോപണത്തെ തുടർന്ന് കഴിഞ്ഞ ഡിസംബറിൽ മഹുവയെ ലോക്സഭയിൽനിന്ന് പുറത്താക്കിയിരുന്നു. എത്തിക്സ് പാനലിന്റെ ശുപാർശയെത്തുടർന്നായിരുന്നു നടപടി.
കേന്ദ്ര സർക്കാരിനെതിരെ ചോദ്യമുന്നയിക്കുന്നതിനായി രണ്ടുകോടി രൂപയും ആഡംബരവസ്തുക്കളും സമ്മാനമായി സ്വീകരിച്ചെന്നായിരുന്നു ആരോപണം. ഇതു ശരി വയ്ക്കുന്നതായിരുന്നു എത്തിക്സ് പാനലിന്റെ കണ്ടെത്തൽ. മഹുവയെ പുറത്താക്കാൻ സഭയ്ക്ക് അധികാരമില്ലെന്ന് തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് എംപിമാർ വാദിച്ചെങ്കിലും ഫലമുണ്ടായില്ല.
പാർലമെന്റിൽ ചോദ്യം ചോദിക്കുന്നതിന് ദർശനിൽ നിന്ന് രണ്ടുകോടി രൂപ കൈക്കൂലിയും ആഡംബര വസ്തുക്കളും വാങ്ങിയെന്നാണ് മഹുവക്കെതിരായ ആരോപണം. തുടർന്ന് നടന്ന അന്വേഷണത്തിന് പിന്നാലെ മഹുവയെ പാർലമെന്റിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
പ്രധാനമന്ത്രിയുടെ മുഖ്യവിമർശകയായ മഹുവ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. എന്നാൽ പാർലമെന്റ് ലോഗിൻ ഐ.ഡി വിവരങ്ങൾ ദർശന് കൈമാറിയതായി സമ്മതിച്ചു. ഇത് എംപിമാർക്കിടയിൽ സാധാരണ നടക്കുന്ന കാര്യമാണെന്നായിരുന്നു മഹുവയുടെ ന്യായീകരണം. ആരോപണങ്ങളെ കുറിച്ച് സിബിഐ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.