ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) സുപ്രീം കോടതിൽ. വിവരങ്ങൾ നൽകാനുള്ള അവസാന തീയതി ജൂൺ 30 വരെ നീട്ടണമെന്നാണ് എസ്.ബി.ഐയുടെ ആവശ്യം. മാർച്ച് ആറിന് മുമ്പ് വിവരങ്ങൾ നൽകണമെന്നാണ് നേരത്തേ സുപ്രീം കോടതി എസ്.ബി.ഐയോട് നിർദേശിച്ചിരുന്നത്.

രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ കേന്ദ്രസർക്കാർ അവതരിപ്പിച്ച സംവിധാനമാണ് ഇലക്ടറൽ ബോണ്ട്. ഫെബ്രുവരി 15-നാണ് ചരിത്രപരമായ വിധിയിലൂടെ സുപ്രീം കോടതി ഇലക്ടറൽ ബോണ്ട് സംവിധാനം റദ്ദാക്കിയത്. പാർട്ടികൾക്ക് ലഭിക്കുന്ന ഫണ്ടിനെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കി വെക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ വിധി.

അതിനൊപ്പമാണ് ഇലക്ടറൽ ബോണ്ട് വഴിയുള്ള സംഭാവനകൾ സംബന്ധിച്ച മുഴുവൻ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന് നൽകാൻ എസ്.ബി.ഐയോടും ഈ വിവരങ്ങൾ പരസ്യപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷനോടും സുപ്രീം കോടതി നിർദേശിച്ചത്. പുതുതായി ഇലക്ടറൽ ബോണ്ടുകൾ നൽകുന്നത് നിർത്താനും സുപ്രീം കോടതി എസ്.ബി.ഐയോട് നിർദേശിച്ചിരുന്നു.

അംഗീകൃത ബാങ്കിൽ നിന്ന് (എസ്.ബി.ഐ) തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി രാഷ്ട്രീയപ്പാർട്ടികൾക്ക് സംഭാവനയായി നൽകാമെന്നതാണ് ഇലക്ടറൽ ബോണ്ട് പദ്ധതി. ലഭിക്കുന്ന ബോണ്ടുകൾ 15 ദിവസത്തിനകം പാർട്ടികൾക്ക് പണമാക്കി മാറ്റാം. സംഭാവന നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമാണെന്നതാണ് പദ്ധതിയുടെ പ്രത്യേകത. അതിലെ സുതാര്യതക്കുറവുതന്നെയാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതും.

രാഷ്ട്രീയപ്പാർട്ടികൾക്ക് സംഭാവന പണമായി നൽകുന്ന പഴയരീതിയിലേക്ക് തിരിച്ചുപോകേണ്ടതില്ലെന്നും അതേസമയം, തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയിലെ ഗൗരവതരമായ പിഴവുകൾ പരിഹരിക്കണമെന്നും കേസ് വിധിപറയാൻ മാറ്റവേ സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, കോമൺ കോസ് തുടങ്ങിയ സംഘടനകളാണ് ബോണ്ട് പദ്ധതിക്കെതിരേ ഹർജി നൽകിയത്.

ബോണ്ടുകൾവഴി സംഭാവന നൽകുന്നവർ ആരെന്ന് സ്വീകരിക്കുന്ന രാഷ്ട്രീയപ്പാർട്ടിക്ക് അറിയാനാകും. അതേസമയം, മറ്റു പാർട്ടികൾക്ക് അറിയാനാകില്ല. ഈ രഹസ്യാത്മകതയാണ് ദാതാക്കൾ ഉദ്ദേശിക്കുന്നതെന്നും പ്രായോഗികത കണക്കിലെടുത്താണ് പദ്ധതി ആവിഷ്‌കരിച്ചതെന്നും കേന്ദ്രം വാദിച്ചിരുന്നു. 2018 മുതലാണ് ബോണ്ടുകൾ നൽകിത്തുടങ്ങിയത്.