ഭൂവനേശ്വർ: ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായികിന്റെ നേതൃത്വത്തിലുള്ള ബിജെഡി എൻഡിഎ സഖ്യത്തിലേക്കെന്ന് സൂചന. നവീൻ പട്നായിക് ബിജെഡി നേതാക്കളുമായും ബിജെപി ദേശീയ അധ്യക്ഷൻ സംസ്ഥാനത്തെ ബിജെപി നേതാക്കളുമായും സഖ്യം സംബന്ധിച്ച ചർച്ചകൾ നടത്തി. ഇരുനേതാക്കളും തങ്ങളുടെ പാർട്ടി നേതാക്കളിൽ നിന്ന് പ്രതികരണംതേടി.

ബിജെപി സംസ്ഥാന അധ്യക്ഷൻ മന്മോഹൻ സമലിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങൾ ഡൽഹിലെത്തിയാണ് നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയത്. സഖ്യം സംബന്ധിച്ച് മുഖ്യമന്ത്രി തങ്ങളോട് അഭിപ്രായം ആരാഞ്ഞതായി മുതിർന്ന ബിജെഡി നേതാവ് പറഞ്ഞു. ഒഡീഷയിലെ ജനങ്ങളുടെ താത്പര്യത്തിനായി ബിജെഡി വേണ്ടതെല്ലാം ചെയ്യുമെന്നും നേതൃയോഗത്തിന് ശേഷം ബിജെഡി പ്രസ്താവന ഇറക്കി.

'ബിജെഡി പ്രസിഡന്റും ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിൽ പാർട്ടിയുടെ മുതിർന്ന നേതാക്കളുമായി ഇന്ന് വിപുലമായ ചർച്ച നടന്നു. വരാനിരിക്കുന്ന ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള തന്ത്രം സംബന്ധിച്ച് ചർച്ചകൾ നടന്നു. 2036-ൽ ഒഡീഷ അതിന്റെ സംസ്ഥാന പദവിയുടെ 100 വർഷം പൂർത്തിയാക്കും, ബിജെഡിക്കും മുഖ്യമന്ത്രിക്കും ഈ സമയത്ത് വലിയ നാഴികക്കല്ലുകൾ കൈവരിക്കാനുണ്ട്, ഒഡീഷയിലെയും സംസ്ഥാനത്തെയും ജനങ്ങളുടെ കൂടുതൽ താൽപ്പര്യങ്ങൾക്കായി ബിജെഡി ഇതിനായി എല്ലാം ചെയ്യും' ബിജെഡി പ്രസ്താവനയിൽ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒഡീഷ സന്ദർശനത്തോടെയാണ് ബിജെഡി-ബിജെപി സഖ്യം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായത്. നവീൻ പട്നായിക്കിനെ ജനകീയനായ മുഖ്യമന്ത്രിയെന്ന് പ്രധാനമന്ത്രി ഒരു പരിപാടിക്കിടെ വിശേഷിപ്പിക്കുകയും ചെയ്തു. ഒഡീഷയിലെ വികസനത്തേയും പ്രധാനമന്ത്രി പ്രകീർത്തിക്കുകയുണ്ടായി.

റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെഡി പിന്തുണ നൽകിയത് മുതൽ അഭ്യൂഹങ്ങളുയർന്നിരുന്നു. 2019-ലെ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായ മികച്ച ബന്ധമാണ് ബിജെഡിക്കുള്ളത്. രാജ്യസഭയിൽ ബിജെഡിയുടെ പിന്തുണയോട് കൂടിയാണ് കേന്ദ്ര സർക്കാർ സുപ്രധാന ബില്ലുകളെല്ലാം പാസാക്കിയെടുത്തിട്ടുള്ളത്. മോദി സർക്കാരിന്റെ ഒട്ടുമിക്ക നയങ്ങളോടും ബിജെഡിക്കും യോജിപ്പാണുള്ളത്.

1997ൽ രൂപീകൃതമായ ബി.ജെ.ഡി. തൊട്ടുപിന്നാലെ 1998-ൽ ബിജെപി.യുമായി സഖ്യമുണ്ടാക്കിയിരുന്നു. ഇക്കാലത്ത് പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ മന്ത്രിസഭയിൽ നവീൻ പട്‌നായിക് മന്ത്രിയായിരുന്നു.ദീർഘകാലം നിലനിന്ന സഖ്യം 2009-ലാണ് വിച്ഛേദിക്കപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നത്.