പൂണെ: കോടതികളുടെ പരിപാടികളിൽ പൂജയും വിളക്ക് കൊളുത്തലും പോലുള്ള മതപരമായ ആചാരങ്ങൾ ഒഴിവാക്കണമെന്ന് സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് അഭയ് എസ്. ഓക. പുണെയ്ക്കടുത്ത് പിംപ്രിയിൽ പുതുതായി നിർമ്മിക്കുന്ന കോടതി സമുച്ചയത്തിന്റെ ഭൂമിപൂജാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതപരമായ ചടങ്ങുകൾക്ക് പകരം ഇന്ത്യൻ ഭരണഘടനയെ ആദരിച്ചുകൊണ്ട് കോടതി പരിപാടികൾ തുടങ്ങണം. ഭരണഘടന 75 വർഷം പൂർത്തിയാക്കാനിരിക്കെ അതിന്റെ മഹത്വം നിലനിർത്താനായി നമുക്ക് പുതിയ പതിവ് തുടങ്ങാമെന്നും അദ്ദേഹം പറഞ്ഞു.

'ബാബാ സാഹിബ് അംബേദ്കർ നമുക്ക് നൽകിയ ഭരണഘടന ഈ വർഷം നവംബർ 26-ന് 75 വർഷം പൂർത്തിയാക്കുകയാണ്. നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ സുപ്രധാനമായ രണ്ട് വാക്കുകളുണ്ട് -മതേതരത്വം, ജനാധിപത്യം. നീതിന്യായവ്യവസ്ഥയുടെ കാതൽ ഭരണഘടനയാണ് എന്നാണ് ഞാൻ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നത്.' -ജസ്റ്റിസ് അഭയ് എസ്. ഓക പറഞ്ഞു.

'കേൾക്കാൻ അത്ര സുഖകരമല്ലാത്തൊരു കാര്യമാണ് ഞാൻ പറയാൻ പോകുന്നത്. കോടതികളുമായി ബന്ധപ്പെട്ട ഔദ്യോഗിക പരിപാടികളിൽ പൂജയും അർച്ചനയും പോലുള്ള ചടങ്ങുകളും വിളക്കുകൊളുത്തുന്നതുമെല്ലാം നമ്മൾ ഒഴിവാക്കണമെന്നാണ് എനിക്ക് തോന്നുന്നത്. പകരം ഭരണഘടനയുടെ ആമുഖത്തിന്റെ ചിത്രം നമ്മൾ സൂക്ഷിക്കുകയും മതപരമായ ചടങ്ങുകൾക്ക് പകരം ആ ചിത്രത്തെ വണങ്ങിക്കൊണ്ട് പരിപാടി ആരംഭിക്കുകയും ചെയ്യണം. ഭരണഘടന 75 വർഷം പൂർത്തിയാക്കാനിരിക്കെ അതിന്റെ മഹത്വം നിലനിർത്താനായി നമുക്ക് പുതിയ പതിവ് തുടങ്ങാം.' -അദ്ദേഹം പറഞ്ഞു.

കോടതി സംവിധാനം സ്ഥാപിച്ചത് ബ്രിട്ടീഷുകാരാണെങ്കിലും അത് പ്രവർത്തിക്കുന്നത് ഭരണഘടനാനുസൃതമായാണെന്നും ജസ്റ്റിസ് അഭയ് എസ്. ഓക പറഞ്ഞു. ഭരണഘടനയാണ് നമുക്ക് കോടതികളെ തന്നത്. കർണാടക ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായിരിക്കെ മതപരമായ ചടങ്ങുകളെ കോടതികളിൽ നിന്ന് ഒഴിവാക്കാൻ പരമാവധി ശ്രമിച്ചെങ്കിലും പൂർണ്ണമായി ഒഴിവാക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'നീതിയുടെ ക്ഷേത്രങ്ങൾ എന്നാണ് ഇന്ന് നമ്മൾ കോടതികളെ വിശേഷിപ്പിക്കുന്നത്. നമ്മൾ അങ്ങനെ വിളിക്കുന്നോ ഇല്ലയോ എന്നത് വിഷയമല്ല. പക്ഷേ കോടതികൾ ആരുടേയും സ്വന്തമല്ല. അത് പിന്തുടരുന്നത് നിയമത്തിന്റേയും മാനവികതയുടേയും മതമാണ്. നമ്മളത് ഭക്തിയോടെ സൂക്ഷിക്കണം. മതപരമായ മാർഗങ്ങളിലൂടെയല്ല, മറിച്ച് അതിനെ പരിശുദ്ധമാക്കി സംരക്ഷിച്ചുകൊണ്ട്.' -ജസ്റ്റിസ് അഭയ് എസ്. ഓക പറഞ്ഞു.