- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്ധ്രപ്രദേശിൽ ടി.ഡി.പിയും ബിജെപിയും വീണ്ടും കൈകോർക്കുന്നു
ഹൈദരാബാദ്: ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ആന്ധ്രപ്രദേശിൽ ടി.ഡി.പി-ബിജെപി. സഖ്യം രൂപീകരിച്ചേക്കും. ടി.ഡി.പി. അധ്യക്ഷൻ ചന്ദ്രബാബു നായിഡു ബിജെപി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി. മാസങ്ങൾക്കിടെയിലെ രണ്ടാമത്തെ ഷാ-നായിഡു കൂടിക്കാഴ്ചയാണ് ഇത്. ഇന്ന് വീണ്ടും ചർച്ച നടക്കും.
എൻ.ഡി.എ. സഖ്യത്തിലായിരുന്ന ടി.ഡി.പി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി 2018-ലാണ് മുന്നണി വിടുന്നത്. അന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്നു നായിഡു. സംസ്ഥാനത്തിന് ലഭിക്കുന്ന സാമ്പത്തികസഹായത്തെച്ചൊല്ലിയുള്ള തർക്കമായിരുന്നു സഖ്യംപിരിയുന്നതിലേക്ക് നയിച്ചത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
25 ലോക്സഭ സീറ്റും 175 നിയമസഭാ സീറ്റുകളുമാണ് ആന്ധ്രയിലുള്ളത്. 8-10 പാർലമെന്റ് സീറ്റിൽ മത്സരിക്കാനാണ് ബിജെപി. താൽപര്യപ്പെടുന്നത്. എന്നാൽ സഖ്യം സാധ്യമാകുന്ന പക്ഷം 5-6 സീറ്റുകളിൽ മത്സരിക്കാൻ ബിജെപി. തയ്യാറാകും. മൂന്ന് സീറ്റുകളിൽ പവൻ കല്യാണിന്റെ ജനസേന പാർട്ടിയാകും മത്സരിക്കുക. മിച്ചമുള്ള മുഴുവൻ പാർലമെന്റ് സീറ്റിലും ടി.ഡി.പി. മത്സരിക്കും. വിസാഗ്, വിജയവാഡ, അരകു, രാജംപേട്ട്, രാജമുന്ദ്രി, തിരുപ്പതി തുടങ്ങിയ ലോക്സഭാ മണ്ഡലങ്ങളിലാണ് ബിജെപി. കണ്ണുവെച്ചിരിക്കുന്നത്.