ഇംഫാൽ: മണിപ്പുരിൽ സൈനിക ഉദ്യോഗസ്ഥനെ വീട്ടിൽനിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയി. ജൂനിയർ കമ്മീഷൻഡ് ഓഫീസർ കൊൻസം ഖേദ സിങ്ങിനെയാണ് അദ്ദേഹത്തിന്റെ വസതിയിൽനിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്കാണ് സംഭവം.

വിവരം ലഭിച്ചയുടൻ എല്ലാ അന്വേഷണ ഏജൻസികളേയും ഏകോപിപ്പിച്ചുകൊണ്ടുള്ള തിരച്ചിൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന എല്ലാ വാഹനങ്ങളേയും പരിശോധിക്കുന്നുണ്ട്. അദ്ദേഹത്തെ എന്തിനാണ് തട്ടിക്കൊണ്ടുപോയതെന്ന് അറിയില്ലെന്നും അത് പരിശോധിച്ചുവരികയാണെന്നും അന്വേഷണ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ വർഷം മെയ്‌ മാസം മുതൽ സംസ്ഥാനത്ത് ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇത്തരം സംഭവങ്ങൾ വർധിച്ചുവരുകയാണ്. നാലാമത്തെ സംഭവമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.