ഡെറാഡൂൺ: ഉത്തരാഖണ്ഡിലും കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസ് നേതാവ് മനീഷ് ഖണ്ഡൂരി ബിജെപിയിൽ ചേർന്നു. ഡെറാഡൂണിലെ ബിജെപി ഓഫീസിൽ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ സാന്നിധ്യത്തിലായിരുന്നു ബിജെപിയുടെ അംഗത്വം സ്വീകരിച്ചത്. ഉത്തരാഖണ്ഡിൽ തിരഞ്ഞെടുപ്പ് ചുമതലയുള്ള ബിജെപി നേതാക്കളായ ദുഷ്യന്ത് കുമാർ ഗൗതം സംസ്ഥാനത്തെ പാർട്ടി അദ്ധ്യക്ഷൻ മഹേന്ദ്ര ഭട്ട് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

കഴിഞ്ഞ ദിവസമാണ് മനീഷ് ഖണ്ഡൂരി കോൺഗ്രസിൽ നിന്നും രാജിവെച്ചത്. വ്യക്തിപരമായ താല്പര്യങ്ങൾക്കോ സ്ഥാനമാനങ്ങൾക്കോ വേണ്ടിയല്ല താൻ ബിജെപിയിൽ ചേർന്നതെന്ന് അംഗത്വം സ്വീകരിച്ചതിന് ശേഷം മനീഷ് ഖണ്ഡൂരി പറഞ്ഞു. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഭുവൻ ഖണ്ഡൂരിയുടെ മകനുമാണ് മനീഷ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൗരി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു മനീഷ് ഖണ്ഡൂരി.

ഉത്തരാഖണ്ഡ് നിയമസഭാംഗമായ ഋതു ഖണ്ഡൂരിയുടെ സഹോദരൻ കൂടിയാണ് മനീഷ് ഖണ്ഡൂരി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് പാർട്ടി വിട്ട് നിരവധിപേർ ബിജെപിയിൽ ചേരുന്നത് കോൺഗ്രസിന് വൻ വെല്ലുവിളിയായിരിക്കുകയാണ്.