ബംഗളൂരു: കർണാടക നിയമസഭയിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചവരെ വെടിവെച്ച് കൊല്ലണമെന്ന് മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.എൻ രാജണ്ണ. അങ്ങനെ ചെയ്യുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭ തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് കോൺഗ്രസ് നേതാവ് സയ്യിദ് നസീർ ഹുസൈന്റെ അനുയായികൾ നിയമസഭയിൽ പാക്കിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് രാജണ്ണയുടെ പ്രസ്താവന.

എന്താണ് സംഭവിച്ചത്? കോൺഗ്രസിന്റെ പ്രതിച്ഛായക്ക് ദോഷമൊന്നും സംഭവിച്ചിട്ടില്ല. മാത്രമല്ല, അത് മെച്ചപ്പെടുകയാണ് ചെയ്തത്. ആരെങ്കിലും മുദ്രാവാക്യം വിളിച്ചോ മറ്റോ പാക്കിസ്ഥാനെ പിന്തുണച്ചിട്ടുണ്ടെങ്കിൽ അവരെ വെടിവെച്ച് കൊല്ലണം. അതിൽ യാതൊരു തെറ്റുമില്ല -രാജണ്ണ പറഞ്ഞു.

മാത്രമല്ല, ഉത്തർ പ്രദേശിലെ ബുൾഡോസർ രാജിനെ അദ്ദേഹം പ്രശംസിച്ചു. ബുൾഡോസർ ഉപയോഗിച്ച് പ്രതികളുടെ വീടുകൾ പൊളിക്കുന്നത് പോലുള്ള സർക്കാർ നടപടികളിലൂടെ ജനസംഖ്യ ഏറെയുള്ള സംസ്ഥാനത്ത് ക്രമസമാധാനം നിയന്ത്രണവിധേയമായെന്ന് രാജണ്ണ പറഞ്ഞു. ഫെബ്രുവരി 27ന് രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ വിധാൻ സൗധ ഇടനാഴിയിൽ പാക്കിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.