പട്‌ന: കോൺഗ്രസിനും ആർജെഡിക്കും ഒരു കുടുംബത്തിന്റെ താൽപര്യമാണ് മുഖ്യ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാവപ്പെട്ടവർക്കു നന്മ ചെയ്യാൻ കഴിയുന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും മാത്രമാണ്. സോണിയ ഗാന്ധിയുടെ ഏക ലക്ഷ്യം രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കലാണ്. ലാലു പ്രസാദ് യാദവിനാകട്ടെ മകൻ തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കലും. ബിജെപി ഒബിസി മോർച്ച റാലിയിൽ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കുടുംബമില്ലെന്ന ലാലു പ്രസാദ് യാദവിന്റെ പരിഹാസം വിവാദമായതിനു പിന്നാലെയാണ് കോൺഗ്രസ്, ആർജെഡി കക്ഷികളിലെ കുടുംബാധിപത്യത്തിനെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം. പാവപ്പെട്ടവരുടെയും പിന്നാക്കക്കാരുടെയും ഭൂമി തട്ടിയെടുക്കലായിരുന്നു ലാലു യാദവിന്റെ പണി. ഭൂ മാഫിയക്കെതിരെ ബിഹാർ സർക്കാർ കർശന നടപടികൾ സ്വീകരിക്കുമെന്ന് അമിത് ഷാ മുന്നറിയിപ്പു നൽകി. കോൺഗ്രസും ആർജെഡിയും അധികാരത്തിലുണ്ടായിരുന്ന കാലത്തൊന്നും കർപൂരി ഠാക്കൂറിനെ ആദരിച്ചില്ല. പ്രധാനമന്ത്രി മോദിയാണ് കർപൂരി ഠാക്കൂറിനെ ഭാരതരത്‌ന നൽകി ബഹുമാനിച്ചതെന്നും അമിത് ഷാ പറഞ്ഞു.