ലഖ്നൗ: താമസസ്ഥലത്തെ ഗേറ്റ് അടയ്ക്കാൻ മറന്നുപോയതിന്റെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ അയൽവാസിയുടെ ചെവി യുവതി കടിച്ചുമുറിച്ചു. കടിച്ചെടുത്ത ചെവിക്കഷണത്തിന്റെ ഒരു ഭാഗം യുവതി വിഴുങ്ങുകയും ചെയ്തു. കടിച്ചെടുത്ത ചെവി തുപ്പാനാവശ്യപ്പെട്ടപ്പോഴായിരുന്നു യുവതി വായിലുള്ള ഒരു കഷണം വിഴുങ്ങിയത്. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം.

റിക്ഷാതൊഴിലാളിയായ രാംവീർ ബാഘേലിനാണ് ആക്രമണം നേരിട്ടത്. രാംവീറും ആക്രമണം നടത്തിയ രാഖി എന്ന യുവതിയും ന്യൂ ആഗ്രയിൽ ഒരേസ്ഥലത്ത് അടുത്തടുത്ത വീടുകളിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. രാഖി വാടകക്കാരുമായി കലഹിക്കുന്നത് പതിവാണെന്ന് പൊലീസിന് നൽകിയ പരാതിയിൽ രാംവീർ പറയുന്നു. മാർച്ച് നാലിനാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്.

മറ്റൊരു വാടകക്കാരന്റെ മകനെ രാവിലെ ആറ് മണിക്ക് പരീക്ഷയ്ക്ക് കൊണ്ടുപോകേണ്ടതിനാൽ തിരക്കിട്ട് പോവുകയായിരുന്നു താനെന്ന് രാംവീർ പറയുന്നു. ധൃതിയിലായതിനാൽ ഗേറ്റടക്കാൻ വിട്ടുപോയി. ഉടനേതന്നെ രാഖി തന്നെ അധിക്ഷേപിക്കാൻ തുടങ്ങി. ഇതിൽനിന്ന് യുവതിയെ തടയാൻ രാംവീർ ശ്രമിക്കുന്നതിനിടെ രാഖിയുടെ ഭർത്താവ് സഞ്ജീവ് രാംവീറിനെ കടന്നുപിടിച്ചു.

കുതറിമാറാൻ ശ്രമിക്കുന്നതിനിടെ രാഖി രാംവീറിന്റെ ചെവിയുടെ താഴത്തെ ഭാഗം കടിച്ചെടുക്കുകയായിരുന്നു. വിവിധ വകുപ്പുകൾ ചേർത്ത് രാഖിക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അസിസ്റ്റന്റ് കമ്മിഷണർ ആരിബ് അഹമ്മദ് അറിയിച്ചു.