ന്യൂഡൽഹി: 'ഡൽഹി ചലോ' മാർച്ച് പ്രഖ്യാപിച്ച കർഷകസംഘടനകൾ പഞ്ചാബിലെ പലയിടങ്ങളിലും റെയിൽ പാളങ്ങൾ ഉപരോധിച്ച് പ്രതിഷേധിച്ചു. പഞ്ചാബിലെ അമൃത്സർ, ലുധിയാന, മൻസ, മോഗ, ഫിറോസ്പൂർ തുടങ്ങി 22 ജില്ലകളിലായി 52 സ്ഥലങ്ങളിലാണ് റെയിൽ പാളങ്ങൾ ഉപരോധിച്ചത്. സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗവും കിസാൻ മസ്ദൂർ മോർച്ചയുമാണ് മിനിമം താങ്ങുവില ഉറപ്പാക്കുക, എം.എസ് സ്വാമിനാഥൻ റിപ്പോട്ട് നടപ്പാക്കുക തുടങ്ങി പന്ത്രണ്ട് ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധിച്ചത്. കർഷക നേതാവായ സർവാൻ സിങ് പന്ദേർ സമരത്തിന് ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട്.

കർഷകരെ ഡൽഹിയിലേക്ക് കടക്കാൽ അനുവദിക്കാത്തതിനാൽ ഫെബ്രുവരി 13 മുതൽ ശംഭു അതിർത്തിയിലാണ് കർഷകർ സമരംചെയ്യുന്നത്. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത കേന്ദ്രസർക്കാരിനെതിരെ മുദ്രാവാക്യങ്ങളുയർത്തിയാണ് കർഷകർ റെയിൽ പാളങ്ങൾ ഉപരോധിച്ചത്. ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് നാലുവരെ നാലു മണിക്കൂർ നേരമാണ് റെയിൽപ്പാത ഉപരോധം.

മാർച്ചിന്റെ ഭാഗമല്ലെങ്കിലും സംയുക്ത കിസാൻ മോർച്ചയിലെ ചില കർഷക സംഘടനകളും ഞായറാഴ്ചത്തെ പ്രതിഷേധത്തെ പിന്തുണച്ചു. പഞ്ചാബിലും ഹരിയാണയിലും സമരം തീവണ്ടി ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ അനുവദിക്കാത്തതിനാൽ കേന്ദ്രത്തെ കർഷകരുടെ ശക്തിയറിയിക്കാനാണ് തീവണ്ടി തടഞ്ഞുള്ള പ്രതിഷേധമെന്ന് കർഷകനേതാവ് സർവൻ സിങ് പന്ദേർ അറിയിച്ചു.

ഇതിനിടെ ഹരിയാനിലെ കർഷകനേതാക്കൾക്ക് ചോദ്യം ചെയ്യലിന് പൊലീസ് നോട്ടീസ് നൽകി. സമരം അവസാനിപ്പിക്കണമെന്ന കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയലിന്റെ അഭ്യർത്ഥന കഴിഞ്ഞ ദിവസവും കർഷകർ തള്ളിയിരുന്നു. അതേസമയം പഞ്ചാബിലെ അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകർ അവിടെത്തന്നെ സമരം തുടരും. ജന്തർ മന്തറിലെത്തി സമരം ചെയ്യാൻ ശ്രമിച്ച കർഷകരെ പൊലീസ് അറസ്റ്റ് ചെയ്യുകയാണെന്നും സമരക്കാർ ആരോപിച്ചു.