- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുണ്ടാനേതാക്കളായ കാലാ ജഠെഡിക്കും റിവോൾവർ റാണിക്കും വിവാഹം
ഡൽഹി: ഗുണ്ടാനേതാക്കളായ കാലാ ജഠെഡിയും റിവോൾവർ റാണിയെന്ന് അറിയപ്പെടുന്ന അനുരാധ ചൗധരിയും വിവാഹിതരാവുന്നു. ചൊവ്വാഴ്ച ഡൽഹിയിലെ ദ്വാരക സെക്ടർ മൂന്നിൽ കാനത്ത പൊലീസ് കാവലിലാണ് ഇരുവരുടേയും വിവാഹം. തിഹാർ ജയിലിലുള്ള വരൻ കാലാ ജഠെഡിക്ക് വിവാഹത്തിനായി ഡൽഹി കോടതി പരോൾ അനുവദിച്ചു.ഒട്ടേറെ ക്രിമിനൽക്കേസുകളിൽ പ്രതികളായ ഇരുവരും 2020 മുതൽ അടുപ്പത്തിലാണ്.
റിവോൾവർ റാണി ജാമ്യത്തിൽ പുറത്തിറങ്ങി, പ്രതിക്ക് സുരക്ഷയൊരുക്കണമെന്ന് കോടതി നിർദേശമുള്ളതിനാൽ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ, ക്രൈംബ്രാഞ്ച്, ഹരിയാണയിലെ സിഐ.എ. തുടങ്ങി വിവിധ ഏജൻസികളിൽനിന്നുള്ള ഇരുന്നൂറിലേറെ പൊലീസുകാർ വിവാഹത്തിന് കാവലൊരുക്കും. രാവിലെ 10 മുതൽ നാലുവരെയാണ് ചടങ്ങുകൾ. 150 പേർക്കാണ് ക്ഷണം.
ഹരിയാണ സ്വദേശിയായ സന്ദീപ് എന്ന കാലാ ജഠെഡി, ഗുസ്തിതാരമായ സാഗർ ധൻഖറിന്റെ കൊലപാതകത്തോടെയാണ് കുപ്രസിദ്ധി നേടിയത്. ഡൽഹി, ഹരിയാണ, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി കൊലപാതകമടക്കം 40-ഓളം കേസുകളിൽ പ്രതിയാണ്. ജയിലിലുള്ള ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ഉറ്റസുഹൃത്തുമാണ് ഇയാൾ.
രാജസ്ഥാനിലെ സികാർ സ്വദേശിനിയാണ് മാഡം മിൻസ്, റിവോൾവർ റാണി തുടങ്ങിയ പേരിലറിയപ്പെടുന്ന അനുരാധ ചൗധരി. ബി.ടെക്. ബിരുദധാരിയായ അനുരാധ പങ്കാളിയുടെ തട്ടിപ്പിനിരയായതോടെയാണ് ഗുണ്ടാസംഘങ്ങൾക്കൊപ്പം ചേരുന്നതും ക്രിമിനലായി മാറുന്നതും. പണംതട്ടലടക്കം ഒട്ടേറെ കേസുകളിൽ പ്രതിയാണ്. എ.കെ.-47 തോക്ക് ഉപയോഗിക്കുന്നതിനാലാണ് റിവോൾവർ റാണിയെന്ന പേരുവീണത്. ദമ്പതിമാരെന്ന വ്യാജേന ഒളിവിൽ കഴിയവേ 2021-ലാണ് ഇരുവരും പിടിയിലായത്. അനുരാധ ചൗധരി ജാമ്യത്തിലാണ്.