ഗസ്സിപുർ: ഉത്തർപ്രദേശിലെ ഗസ്സിപുരിൽ വൈദ്യുതി കമ്പിയിൽ തട്ടി ബസിനു തീ പിടിച്ച് അപകടം. ബസ് പൂർണമായും കത്തി നശിച്ചു. അഞ്ച് പേർ മരിച്ചെന്നാണു റിപ്പോർട്ട്. പത്തോളം പേർക്ക് പരിക്കേറ്റു. മുപ്പതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു. ബസ് കത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വളരെയേറെ ഉയരത്തിൽ കറുത്ത കട്ടിപ്പുകയും തീയും ആകാശത്തേക്കുയരുന്നത് വിഡിയോയിൽ കാണാം.

11 കെ.വി. ഹൈടെൻഷൻ വയർ ബസിനുമുകളിലേക്ക് പൊട്ടിവീണാണ് തീപ്പിടിച്ചതെന്നാണ് വിവരം. കോപാഗഞ്ചിൽനിന്ന് മഹാഹറിലേക്ക് വിവാഹസംഘവുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്.

അപകട സമയത്ത് ബസിനുള്ളിൽ നിന്ന് യാത്രക്കാർക്ക് പുറത്തേക്ക് ചാടാൻ കഴിഞ്ഞിരുന്നില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബസിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.