- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോബി മഞ്ചൂറിയിനിലും പഞ്ഞിമിഠായിയിലും കൃത്രിമ നിറം വിലക്കി കർണാടക
ബെംഗളൂരു: കൃത്രിമനിറങ്ങൾ ചേർത്ത പഞ്ഞിമിഠായിയും ഗോബി മഞ്ചൂരിയനും വിലക്കേർപ്പെടുത്തി കർണാടക. ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന കൃത്രിമ നിറങ്ങളായ റൊഡാമിൻ-ബി, ടാർട്രാസിൻ, കാർമോയ്സിൻ പോലെയുള്ളവ ചേർക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടക ആരോഗ്യ മന്ത്രാലയം വിൽപന നിരോധിച്ചത്. കൃത്രിമ നിറങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷ്യവസ്തുക്കൾ കൈവശം വെക്കരുതെന്ന് സംസ്ഥാന സർക്കാർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ആരോഗ്യമന്ത്രാലയം നടത്തിയ പരിശോധനയിൽ പഞ്ഞിമിഠായിയിലും ഗോബി മഞ്ചൂരിയനിലും 107-ഓളം കൃത്രിമ നിറങ്ങൾ ചേർക്കുന്നതായി കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പരിശോധനയ്ക്കായി വിവിധ ഭക്ഷണശാലകളിൽ നിന്ന് 171-ഓളം സാംപിളുകളാണ് ശേഖരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരെങ്കിലും ഈ ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തിയാൽ ഏഴു വർഷം ജയിൽശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും റസ്റ്ററന്റുകളുടെ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം പ്രകൃതിദത്തമായ വെള്ള പഞ്ഞിമിഠായി വിൽക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ഗോബി മഞ്ചൂറിയൻ, പഞ്ഞി മിഠായി എന്നിവയുടെ വിൽപ്പന പൂർണമായി നിരോധിക്കില്ലെന്നും ഗോബി മഞ്ചൂറിയൻ, പഞ്ഞി മിഠായി എന്നിവ തയ്യാറാക്കുമ്പോൾ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്ന ഭക്ഷണശാലകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.
നേരത്തെ തമിഴ്‌നാടും പുതുച്ചേരിയും പഞ്ഞിമിഠായി നിരോധിച്ചിരുന്നു. അർബുദത്തിന് കാരണമാകുന്ന, വസ്ത്രങ്ങൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന റൊഡാമിൻ-ബിയാണ് പഞ്ഞിമിഠായിക്ക് നിറം നൽകാൻ ഉപയോഗിക്കുന്നതെന്ന് ഗിണ്ടിയിലെ സർക്കാർ ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
2006-ലെ ഭക്ഷ്യ സുരക്ഷാ നിയമം റൊഡാമിന്റെ ഉപയോഗം വിലക്കുന്നുണ്ട്. നിയമപ്രകാരം ഭക്ഷ്യവസ്തുക്കളിൽ റൊഡാമിൻ ബി ചേർക്കുന്നതും പാക്ക് ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും ശിക്ഷാർഹമാണ്.