ഭോപ്പാൽ: ഗ്യാൻവാപിക്ക് പിന്നാലെ മധ്യപ്രദേശിലെ ധാർ ജില്ലയിലെ ഭോജ്ശാല സമുച്ചയത്തിലും സർവ്വേ നടത്താൻ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യക്ക് (എ എസ് ഐ) അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി. നിലവിൽ ഇവിടെ പൂജ നടത്താൻ വസന്ത പഞ്ചമിക്ക് ഹിന്ദുസമൂഹത്തിനും വെള്ളിയാഴ്ചകളിൽ ആരാധന നടത്താൻ മുസ്ലിങ്ങൾക്കും അനുവാദമുണ്ട്

തീവ്ര വലതുപക്ഷ സംഘടനയായ ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ് നൽകിയ ഹർജിയിലാണ് സർവെ നടത്താൻ അനുമതി നൽകിയത്. ഹിന്ദുക്കൾ സരസ്വതീ ക്ഷേത്രമായും മുസ്ലിംങ്ങൾ കമൽ മൗല പള്ളിയായും ഭോജ്ശാലയെ കരുതുന്നത്.

ശാസ്ത്രീയ പരിശോധന നടത്തി ഏപ്രിൽ 29 നകം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസുമാരായ എസ്.എ. ധർമാധികാരി, ദേവ് നാരായൺ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ചിത്രങ്ങളും വീഡിയോയും റെക്കോഡ് ചെയ്ത് ഹാജരാക്കുവാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സർവെയിൽ ക്ഷേത്രം ഉണ്ടായിരുന്നതായി തെളിഞ്ഞാൽ ദിവസേന ആരാധനയ്ക്ക് അനുവാദം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.