ന്യൂഡൽഹി: ക്ഷേത്രദർശനം കഴിഞ്ഞ് അമരാവതിയിൽ നിന്ന് നാഗ്പൂരിലേക്ക് മടങ്ങവെ ഹൈവേയിൽ മോഷണ ശ്രമത്തിനിടെ ബസ് ഡ്രൈവർക്ക് വെടിയേറ്റു. കയ്യിൽ വെടിയേറ്റിട്ടും ഡ്രൈവർ 30 കിലോമീറ്ററോളം ദൂരം വാഹനം ഓടിച്ച് പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ക്ഷേത്രദർശനം കഴിഞ്ഞ് അമരാവതിയിൽ നിന്ന് നാഗ്പൂരിലേക്ക് പോകുകയായിരുന്ന മിനി ബസ്സിലെ ഡ്രൈവർക്കു നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ അന്വേഷണസംഘം രൂപീകരിച്ചതായി പൊലീസ് അറിയിച്ചു.

കാറിലെത്തിയ ഒരു സംഘം മിനിബസിന് നേരെ വെടിയുതിർക്കുകയും ഇത് തടയാൻ ശ്രമിച്ചപ്പോൾ തന്നെ വെടിവെച്ചതായും ബസ് ഡ്രൈവർ ഖോംദേവ് കവാഡെ പറഞ്ഞു. തന്റെ കൈയ്ക്ക് പരിക്കേറ്റെങ്കിലും ബസ് നിർത്താതെ ഡ്രൈവിങ് തുടരുകയായിരുന്നു. മുപ്പത് കിലോമീറ്റർ ദൂരം ബസ്സോടിച്ച് പിന്നീട് ബസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആക്രമണത്തിൽ മൂന്ന് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡ്രൈവറും ഒരു കുടുംബത്തിലെ 17 അംഗങ്ങളും ചേർന്ന് ക്ഷേത്രദർശനം കഴിഞ്ഞ് അമരാവതിയിൽ നിന്ന് നാഗ്പൂരിലേക്ക് പോകവെയാണ് ആക്രമണമുണ്ടായത്. ഉത്തർപ്രദേശ് രജിസ്‌ട്രേഷനിലുള്ള ബൊലേറോയിലാണ് അക്രമികൾ എത്തിയത്. അമരാവതിയിൽ നിന്നും കാർ തന്റെ വാഹനത്തെ പിന്തുടരുകയായിരുന്നുവെന്ന് ഖോംദേവ് പറയുന്നു. വാഹനത്തിന് സഞ്ചരിക്കാനായി സ്ഥലം നൽകിയെങ്കിലും കാർ മുന്നോട്ടെടുത്തില്ല. പിന്നീട് കുറച്ച് സമയത്തിന് ശേഷം തനിക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ഖോംദേവ് പറഞ്ഞു.

'കൃത്യമായ രജിസ്‌ട്രേഷൻ നമ്പർ എനിക്ക് ഓർമയില്ല. പക്ഷേ അത് യു.പിയിൽ നിന്നുള്ള വണ്ടിയാണ്. ഞാൻ അവർക്ക് രണ്ട് തവണ മുന്നോട്ട് പോകാൻ ഇടം നൽകിയെങ്കിലും അവർ മറികടന്നില്ല' കവാഡെ പറഞ്ഞു. കൈയ്ക്ക് പരിക്കേറ്റെങ്കിലും മിനിബസ് നിർത്താതെ 30 കിലോമീറ്റർ പിന്നിട്ട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

അമരാവതിയിൽ നിന്ന് വരുമ്പോൾ ഒരു കാർ തങ്ങളെ പിന്തുടർന്നുവെന്നും തുടർന്ന് നടന്ന മോഷണശ്രമത്തിനിടെയാണ് ഡ്രൈവർക്ക് വെടിയേറ്റതെന്നും വാഹനത്തിലുള്ളവർ പറഞ്ഞു. സംഭവത്തിൽ പ്രതികളെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.