കൊൽക്കത്ത: പശ്ചിമബംഗാളിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സീറ്റുകളിൽ ധാരണയാകാമെന്ന് സിപിഎം. ഇക്കാര്യത്തിൽ കോൺഗ്രസാണ് തീരുമാനമെടുക്കേണ്ടത്. സിപിഎം സീറ്റ് ധാരണക്ക് എതിരല്ലെന്നും പോളിറ്റ് ബ്യുറോ അംഗം ബിമൻ ബോസ് വ്യക്തമാക്കി.

സീറ്റുധാരണയുമായി ബന്ധപ്പെട്ട് ബംഗാൾ കോൺഗ്രസ് നേതാക്കൾ എഐസിസി നേതാക്കളുമായി ചർച്ച നടത്തുന്നുണ്ട്. വിഷയത്തിൽ കോൺഗ്രസ് അന്തിമ തീരുമാനം അറിയിച്ചിട്ടില്ല. അധിർ രഞ്ജൻ ചൗധരി സിപിഎം സംസ്ഥാന സെക്രട്ടറിയുമായി ചർച്ച നടത്തിയെന്നും ബിമൻ ബോസ് വ്യക്തമാക്കി.

പശ്ചിമബംഗാളിൽ ഇന്ന് സിപിഎം ആദ്യ ഘട്ട ലോക്‌സഭാ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. പതിനാറ് സീറ്റുകളിലാണ് ഇടതുപാർട്ടികളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇതിൽ 13 സീറ്റുകളിൽ സിപിഎമ്മും 3 സീറ്റുകളിൽ സഖ്യകക്ഷികളും മത്സരിക്കും. മറ്റ് സീറ്റുകളിലെ പ്രഖ്യാപനം പിന്നീട് നടക്കും.