ന്യൂഡൽഹി: ഭൂട്ടാൻ പ്രധാനമന്ത്രി ദാഷോ ഷെറിങ് ടോബ്ഗേ അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹം 5 ദിവസത്തെ പര്യടനത്തിനായി ഭാരതത്തിലെത്തിയത്. 2024ൽ പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ശേഷമുള്ള ദാഷോയുടെ ആദ്യ വിദേശപര്യടനം കൂടിയാണിത്. ഭൂട്ടാൻ പ്രധാനമന്ത്രിയെ കണ്ടതിലുള്ള സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് പങ്കുവച്ചു.

" എന്റെ സുഹൃത്തായ ഭൂട്ടാൻ പ്രധാനമന്ത്രി ദാഷോ ഷെറിങ് ടോബ്ഗേയെ കണ്ടതിലുള്ള സന്തോഷം അറിയിക്കുന്നു. 2024ൽ അധികാരത്തിലേറിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശപര്യടനം കൂടിയാണിത്. ഇരു രാജ്യങ്ങളുടെ ബന്ധം ശക്തിപ്പെടുന്നതുമായി ബന്ധപ്പെട്ട ഊഷ്മളമായ ചർച്ചകൾ ഞങ്ങൾ നടത്തി. അടുത്തയാഴ്ച ഭൂട്ടാൻ സന്ദർശനത്തിനായി എന്നെ ക്ഷണിച്ച ഭൂട്ടാൻ രാജാവിനും പ്രധാനമന്ത്രിക്കും ഞാൻ ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു."- പ്രധാനമന്ത്രി കുറിച്ചു.

ഡൽഹി വിമാനത്താവളത്തിലെത്തിയ ഭൂട്ടാൻ പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി അശ്വനി ചൗബൈ സ്വീകരിച്ചു. ഇരു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെയും ദൃഢമായ ബന്ധത്തിന്റെയും തെളിവാണ് ഭൂട്ടാൻ പ്രധാനമന്ത്രിയുടെ സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഭാരതത്തിലെത്തിയ ഭൂട്ടാൻ പ്രധാനമന്ത്രി, രാഷ്ട്രപതി ദ്രൗപദി മുർമുവുമായും വിദേശകാര്യമന്ത്രി എസ്. ജയശങ്കറായും കൂടിക്കാഴ്ച നടത്തും.