ന്യൂഡൽഹി: രാജ്യസഭയിൽ സ്ത്രീകളുടെ പുരോഗതിക്ക് വേണ്ടിയാകും പ്രവർത്തിക്കുകയെന്ന് സുധാ മൂർത്തി എംപി. കരസേന സൈനികരുടെ ഭാര്യമാരുടെ സംഘടനയായ ആർമി വൈഫ്‌സ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ.

രാജ്യസഭയിൽ ആറ് വർഷമാണ് കാലാവധി. അവിടെ സംസാരിക്കേണ്ടതുണ്ട്. സ്ത്രീകളെ സേവിക്കുമെന്നും സ്ത്രീകളുടെ വിഷയങ്ങളിൽ കൂടെ ഉണ്ടാകുമെന്നുമാണ് സുധാമൂർത്തി പറഞ്ഞത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചിട്ടുള്ള സുധാമൂർത്തി, രാജ്യസഭയിലെ പ്രവർത്തനവും അതേ രാഷ്ട്രീയം ഉയർത്തി പിടിച്ച് കൊണ്ടാകുമെന്ന് വ്യക്തമാക്കി. രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള ആദ്യ പൊതുപരിപാടിയിൽ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു അവർ. മനുഷ്യർ തങ്ങളുടെ സേഫ് സോൺ വിട്ട് പുറത്ത് വരേണ്ടതിന്റെ ആവശ്യകത സുധ മൂർത്തി ഓർമ്മിപ്പിച്ചു.

ഭൂമിയിൽ ഒരുപാട് രത്‌നങ്ങളുണ്ട്. നമ്മൾ വിചാരിക്കുന്നതുകൊഹിനൂർ മാത്രമാണ് രത്‌നമെന്നാണ്. നിങ്ങൾക്ക് പുതിയ സുഹൃത്തുക്കളെ കിട്ടും. പുതിയ അയൽക്കാരെ ലഭിക്കും. പുതിയൊരു നഗരം ലഭിക്കും. ജീവിതം ഒരു യാത്രയാണെന്ന് സുധാ മൂർത്തി ഓർമിപ്പിച്ചു. ഒരുപാട് പരിപാടികളിൽ ക്ഷണമുണ്ടാകാറുണ്ടെങ്കിലും സൈനികർ ക്ഷണിക്കുന്ന പരിപാടിക്ക് പോകേണ്ടത് തന്റെ കടമയാണെന്ന് സുധാ മൂർത്തി പറഞ്ഞു. ചോദ്യങ്ങൾക്ക് രസകരമായി മറുപടി പറഞ്ഞാണ് സുധാ മൂർത്തി മടങ്ങിയത്.