ഇടുക്കി: മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾ കാട്ടാനാകളെ പ്രകോപിപ്പിക്കുന്ന തരത്തിൽ പെരുമാറുന്നുവെന്ന പരാതിയുമായി പ്രദേശവാസികൾ. കഴിഞ്ഞ ദിവസം മൂന്നാർ സെവന്മല എസ്റ്റേറ്റിൽ കാട്ടാനയുടെ സമീപത്ത് നിന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ച യുവാവിന്റെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. തേയില തോട്ടത്തിൽ നിലയുറപ്പിച്ച കട്ടക്കൊമ്പൻ എന്ന ആനയ്ക്കൊപ്പം നിന്നായിരുന്നു യുവാവിന്റെ ഫോട്ടോഷൂട്ട്.

കാട്ടാന ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇത്തരം പ്രകോപനങ്ങളും നടക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യങ്ങൾ തടയണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ പറയുന്നു. ആനകളെ പിന്തുടരുക, തൊട്ടടുത്ത് നിന്ന് ഫോട്ടോ എടുക്കുക, ഹോൺ അടിക്കുക എന്നിങ്ങനെ നിരവധി പ്രകോപനങ്ങളാണ് വിനോദ സഞ്ചാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. പ്രകോപിതരാകുന്ന ആനകളുടെ ആക്രമണത്തിൽ നിന്നും ഇക്കൂട്ടർ രക്ഷപ്പെടുമെങ്കിലും ഇതിന് പിന്നാലെയെത്തുന്നവർ ആക്രമിക്കപ്പെടാനുള്ള സാധ്യതയേറെയാണ്.