ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൽ ഭരണം നഷ്ടപ്പെട്ടതോടെ ഭാരതീയ രാഷ്ട്ര സമിതിക്ക് കനത്ത തിരിച്ചടി. പാർട്ടിയിലെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഒരു ബി.ആർ.എസ് എംപി. കൂടി കോൺഗ്രസിൽ ചേർന്നു. ചെവെല്ല മണ്ഡലത്തിൽനിന്നുള്ള ലോക്സഭാംഗം രഞ്ജിത്ത് റെഡ്ഡിയാണ് ഞായറാഴ്ച കോൺഗ്രസിൽ ചേർന്നത്. എക്സിലൂടെ തന്റെ രാജിക്കത്ത് അദ്ദേഹം പങ്കുവെച്ചു. പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹം കോൺഗ്രസിൽ ചേർന്നത്.

തനിക്ക് അർഥപൂർണമായ അവസരങ്ങൾ നൽകിയതിന് ബി.ആർ.എസ്സിനോട് കൃതജ്ഞത അറിയിക്കുന്നതായി രഞ്ജിത്ത് റെഡ്ഡി രാജിക്കത്തിനൊപ്പം എക്സിൽ കുറിച്ചു. തെലങ്കാനയിലെ നിലവിലെ രാഷ്ട്രീയസാഹചര്യങ്ങൾ കാരണമാണ് ബി.ആർ.എസ്സിൽ നിന്ന് രാജി വെക്കുന്നതെന്നും അദ്ദേഹം എക്സിലൂടെ അറിയിച്ചു. രഞ്ജിത്ത് റെഡ്ഡി പാർട്ടിവിടുമെന്ന് നേരത്തേ തന്നെ അഭ്യൂഹമുണ്ടായിരുന്നു.

ബി.ആർ.എസ്സിൽ നിന്ന് രാജിവെച്ച് മണിക്കൂറുകൾക്കുള്ളിൽ റെഡ്ഡി കോൺഗ്രസിൽ ചേർന്നു. തെലങ്കാന മുഖ്യമന്ത്രിയും പി.സി.സി. അധ്യക്ഷനുമായ എ. രേവന്ത് റെഡ്ഡിയും തെലങ്കാനയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് രഞ്ജിത്ത് റെഡ്ഡി കോൺഗ്രസിൽ ചേർന്നത്.

കെ. ചന്ദ്രശേഖര റാവുവിന്റെ (കെ.സി.ആർ), ബി.ആർ.എസ്സിൽനിന്ന് കഴിഞ്ഞ ആഴ്ചകളിൽ പല എംപിമാരും രാജിവെച്ച് കോൺഗ്രസിൽ ചേർന്നിരുന്നു. വാറങ്കൽ മണ്ഡലത്തിൽ നിന്നുള്ള ബി.ആർ.എസ്. എംപി. പശുനൂരി ദയാകർ കോൺഗ്രസിൽ ചേർന്നത് ശനിയാഴ്ചയാണ്.

ശേഷം ബി.ആർ.എസ്. വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കോൺഗ്രസിന് പുറമേ ബിജെപിയിലേക്കും ബി.ആർ.എസ്. നേതാക്കൾ കൂടുമാറുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർത്ഥികളെ കണ്ടെത്താൻ പോലും ബി.ആർ.എസ്. നേതൃത്വം കഷ്ടപ്പെടുകയാണ് എന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മെയ്‌ 13-നാണ് തെലങ്കാനയിലെ വോട്ടെടുപ്പ്.