ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിത ആംആദ്മി പാർട്ടി നേതാക്കൾക്ക് നൂറു കോടി നൽകിയെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇ.ഡി ഇക്കാര്യം അറിയിച്ചത്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായും ആംആദ്മി പാർട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും പകരമായി നേതാക്കൾക്കു 100 കോടി കൈമാറിയെന്നും ഇ.ഡി വെളിപ്പെടുത്തി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കവിതയെ ഇ.ഡി അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച ഇഡി കസ്റ്റഡിയിൽ എടുത്ത കവിതയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. മൊത്തക്കച്ചവടക്കാരിൽ നിന്ന് കൈക്കൂലിയായി അനധികൃത ഫണ്ടുകൾ എഎപിക്ക് വേണ്ടി സൃഷ്ടിച്ചുവെന്നും ഇ.ഡി ആരോപിച്ചു. കവിതയെ മാർച്ച് 23 വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു. എ.എ.പി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വിജയ് നായർ എന്നിവരടക്കം 15 പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. ഇതുവരെ 128.79 കോടിയുടെ സ്വത്ത് കണ്ടെത്തിയതായും ഇ.ഡി തിങ്കളാഴ്ച അറിയിച്ചു.