ന്യൂഡൽഹി: വൈവ നടക്കുന്നതിനിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സർക്കാർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥിനിയാണു പരാതി നൽകിയത്. സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കുമെന്ന് അദ്ധ്യാപകൻ പറഞ്ഞതായും വിദ്യാർത്ഥി നൽകിയ പരാതിയിൽ പറയുന്നു.

സാധാരണ അദ്ധ്യാപകർക്ക് എതിർവശത്തിരുന്നാണ് വിദ്യാർത്ഥികൾ ചോദ്യങ്ങൾക്കു മറുപടി നൽകുന്നത്. പ്രാക്ടിക്കൽ വൈവ നടക്കുന്നതിനിടെ അടുത്തേക്കു കസേര വലിച്ചിട്ടിരുന്ന പ്രഫസർ അനാവശ്യമായ ചോദ്യങ്ങൾ ചോദിച്ചു. അതിനിടെ ചില രോഗങ്ങളെക്കുറിച്ചു ചോദിച്ച അദ്ധ്യാപകൻ ശരീരത്തിൽ സ്പർശിക്കുകയും െചയ്തു. സഹകരിച്ചില്ലെങ്കിൽ എഴുത്തു പരീക്ഷയിലെ മാർക്കിൽ അതു പ്രതിഫലിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റു വിദ്യാർത്ഥികൾക്കും ഇയാളിൽ നിന്നു മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും ഭയം കാരണം ആരും പരാതിപ്പെടുന്നില്ലെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.