ന്യൂഡൽഹി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ബാബ രാംദേവിനോട് സുപ്രീം കോടതി നിർദ്ദേശം. പതഞ്ജലി ആയുർവേദയുടെ മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണനും എത്തണം.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകില്ലെന്ന് ഉറപ്പുനൽകിയ ശേഷവും ഇതു തുടർന്ന പതഞ്ജലി ആയുർവേദയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബാബ രാംദേവ്, ആചാര്യ ബാലകൃഷ്ണണൻ തുടങ്ങിയവർക്കെതിരെ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസിന് മറുപടി നൽകാത്തതിനാലാണ് ഇരുവരോടും നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ സുപ്രീം കോടതി നിർദ്ദേശം നൽകിയത്. ജസ്റ്റിസുമാരായ ഹിമ കോലി, എ. അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

കോടതിയുടെ നോട്ടീസിനെ കുറിച്ച് ബാബ രാംദേവിന് കൃത്യമായ ധാരണയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാലാണ് കേസിൽ മൂന്നാമതൊരു മുതിർന്ന അഭിഭാഷകൻ ഹാജരാകുന്നതെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.