റാഞ്ചി: ജെ.എം.എം. നേതാവും എംഎ‍ൽഎയുമായ സീത മുർമു സോറൻ പാർട്ടിയിൽ നിന്നും രാജിവെച്ചു. ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദരഭാര്യയാണ് സീത. ഇവർ ബിജെപിയിൽ ചേരുമെന്നാണ് സൂചന. ലോക്സഭയിലേക്ക് മത്സരിക്കാനും സാധ്യതയുണ്ട്.

പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുന്നതായി കാണിച്ച് സീത, ഭർതൃപിതാവും ജെ.എം.എം. ദേശീയ അധ്യക്ഷനുമായ ഷിബു സോറന് കത്ത് നൽകി. ഭർത്താവ് ദുർഗാ സോറന്റെ മരണശേഷം താനും കുടുംബവും പാർട്ടിൽ തുടർച്ചയായി അവഗണിക്കപ്പെട്ടുവെന്ന് സീത കത്തിൽ ചൂണ്ടിക്കാട്ടി. 2009-ൽ 39-ാം വയസ്സിൽ ദുർഗാ സോറൻ മരിച്ചിരുന്നു.

തന്റെ ഭർത്താവ് മികച്ച സംഘടനയായി ഉയർത്തിയ പാർട്ടി ആദർശങ്ങളിൽനിന്നും മൂല്യങ്ങളിൽനിന്നും വ്യതിചലിച്ചുവെന്നും അതിൽ അതിയായ വേദനയുണ്ടെന്നും സീത കത്തിൽ ചൂണ്ടിക്കാട്ടി. അതേസമയം, സീതയുടെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് ജെ.എം.എം. വൃത്തങ്ങൾ പ്രതികരിച്ചു.