അഹമ്മദാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ഗുജറാത്തിൽ ബിജെപിക്ക് കനത്ത തിരിച്ചടി. വഡോദര ജില്ലയിലെ സാവ്ളി മണ്ഡലത്തിൽനിന്നു തുടർച്ചയായി മൂന്നു തവണ എംഎൽഎയായ കേതൻ ഇനാംദാർ രാജിവച്ചു. സ്പീക്കർക്കാണ് രാജിക്കത്ത് നൽകിയത്.

സ്വാഭിമാനത്തേക്കാൾ വലുതല്ല മറ്റൊന്നും എന്നുള്ള ഉൾവിളിയെ തുടർന്നാണു രാജിയെന്നു കേതൻ ഇനാംദാർ പറഞ്ഞു. തന്റെ രാജി സമ്മർദതന്ത്രമല്ലെന്നും വഡോദര ലോക്‌സഭാ സീറ്റിൽ ബിജെപി സ്ഥാനാർത്ഥി രഞ്ജൻ ഭട്ടിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2020 ജനുവരിയിലും കേതൻ ഇനാംദാർ രാജി പ്രഖ്യാപിച്ചെങ്കിലും സ്പീക്കർ സ്വീകരിച്ചിരുന്നില്ല. 182 സീറ്റുള്ള ഗുജറാത്ത് നിയമസഭയിൽ ബിജെപിക്കു നിലവിൽ 156 അംഗങ്ങളുണ്ട്. മെയ്‌ ഏഴിന് ഒറ്റ ഘട്ടമായാണു ഗുജറാത്തിൽ തിരഞ്ഞെടുപ്പ്.

ഇനാംദാറിന്റെ രാജി അപ്രതീക്ഷിതമാണെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. വഡോദരയിലെ ബിജെപിയുടെ വന്ദേ കമലം ഓഫിസിന്റെ നിർമ്മാണത്തിൽ നിർണായക പങ്ക് വഹിച്ചയാളെന്ന നിലയിൽ ഇനാംദാറിനെ ദിവസങ്ങൾക്ക് മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷൻ സി.ആർ. പാട്ടീൽ അഭിനന്ദിച്ചിരുന്നു.

'മുതിർന്ന പ്രവർത്തകരെയും സാധാരണ പ്രവർത്തകരെയും പാർട്ടി വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന് ഞാൻ ഏറെക്കാലമായി പറയുന്ന കാര്യമാണ്. ഇക്കാര്യം ഞാൻ നേതൃത്വത്തെയും അറിയിച്ചിരുന്നു. 2020ൽ രാജിസന്നദ്ധത അറിയിച്ചപ്പോൾ പറഞ്ഞത് തന്നെയാണ് ഇപ്പോഴും പറയാനുള്ളത് -ആത്മാഭിമാനത്തേക്കാൾ വലുതല്ല ഒന്നും. ഇത് കേവലം കേതൻ ഇനാംദാറിന്റെ മാത്രം ശബ്ദമല്ല. എല്ലാ പാർട്ടി പ്രവർത്തകരുടെയും ശബ്ദമാണ്' -ഇനാംദാർ പറഞ്ഞു.

ഗുജറാത്ത് സർക്കാറിലെ സീനിയർ ഉദ്യോഗസ്ഥരും മന്ത്രിമാരും അവഗണിക്കുന്നതായി ആരോപണമുയർത്തിയാണ് ഇനാംദാർ 2020ൽ രാജിക്കൊരുങ്ങിയത്. തന്നെപ്പോലെ അസംതൃപ്തിയുള്ള നിരവധി ബിജെപി എംഎ‍ൽഎമാർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.