- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാളിൽ ഇടത്-കോൺഗ്രസ് സീറ്റ് വിഭജനം അന്തിമഘട്ടത്തിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇടത്-കോൺഗ്രസ്-ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്) സഖ്യത്തിൽ സീറ്റുവിഭജനം അന്തിമഘട്ടത്തിൽ. എന്നാൽ ചില സീറ്റുകളെ ചൊല്ലിയുള്ള തർക്കം ഇതുവരെ പരിഹരിക്കാനായിട്ടില്ല. ഒരാഴ്ചയോളം നീണ്ടുനിന്ന ചർച്ചകൾക്ക് ഒടുവിൽ കോൺഗ്രസ് പന്ത്രണ്ട് സീറ്റുകളിൽ മത്സരിക്കുന്നതിൽ ധാരണയിലെത്തി.
സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ചൊവ്വാഴ്ച ഡൽഹിയിലെത്തിയിട്ടുണ്ട്. കോൺഗ്രസ് ദേശീയ നേതൃത്വത്തെ കണ്ട് അദ്ദേഹം വിഭജനം അന്തിമമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് 2021-നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത്-കോൺഗ്രസ്-ഐഎസ്എഫ് സഖ്യത്തിലാണ് മത്സരിച്ചിരുന്നത്.
42 ലോക്സഭാ സീറ്റുകളുള്ള ബംഗാളിൽ കോൺഗ്രസ് 12 സീറ്റുകളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പത്ത് സീറ്റുകൾ മാത്രമേ കോൺഗ്രസിന് അനുവദിക്കാനാകൂ എന്നായിരുന്നു ഇടതുപാർട്ടികൾ ആദ്യം പറഞ്ഞിരുന്നതെങ്കിലും 12 സീറ്റുകൾ വിട്ടുകൊടുക്കാൻ ധാരണയിലെത്തിയതായാണ് വിവരം.
12 സീറ്റെന്ന ആവശ്യം ഇടതുപക്ഷം അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. ഇന്ന് ഡൽഹിയിൽ ചേർന്ന കോൺഗ്രസിന്റെ മൂന്നാം സെൻട്രൽ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ ബംഗാളിലെ 12 സീറ്റുകളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ചും ചർച്ച ചെയ്തിട്ടുണ്ട്.
ഐഎസ്എഫ് ആറു സീറ്റുകളിലാണ് മത്സരിക്കുകയെന്ന് പാർട്ടി നേതാവ് നൗഷാദ് സിദ്ദിഖി പറഞ്ഞു. തൃണമൂൽ കോൺഗ്രസിന്റെ അഭിഷേക് ബാനർജിക്കെതിരെ നൗഷാദ് സിദ്ദിഖി മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ അദ്ദേഹം എംഎൽഎ കൂടിയാണ്.
കോൺഗ്രസുമായും ഐഎസ്എഫുമായും ഏതാണ്ട് ധാരണയിലെത്തിയെങ്കിലും ഇടതുമുന്നണിയിലാണ് ഇപ്പോഴും തർക്കം പരിഹരിക്കാനുള്ളത്. പുരുലിയ സീറ്റ് ഫോർവേഡ് ബ്ലോക്കിൽ നിന്ന് കോൺഗ്രസിന് നൽകുന്നത് സംബന്ധിച്ചാണ് തർക്കം. ഈ സീറ്റിൽ മത്സരിക്കുമെന്ന ഉറച്ച നിലപാടാണ് ഫോർവേഡ് ബ്ലോക്കിനുള്ളത്. നിലവിൽ ബിജെപിയുടെ സിറ്റിങ് സീറ്റാണിത്. കഴിഞ്ഞ തവണ തൃണമൂൽ കോൺഗ്രസ് രണ്ടാം സ്ഥാനത്തും കോൺഗ്രസ് മൂന്നാമതും ഫോർവേഡ് ബ്ലോക്ക് നാലാം സ്ഥാനത്തുമായിരുന്നു. 2019-ൽ മത്സരിച്ച നേപ്പാൾ മെഹതോയെ ഇത്തവണയും രംഗത്തിറക്കാനാണ് കോൺഗ്രസിന്റെ നീക്കം. ഇവിടെ കോൺഗ്രസിനെയാണ് തങ്ങൾ പിന്തുണയ്ക്കുകയെന്ന് സിപിഎം പറയുന്നു.
ഇടതുമുന്നണിയിൽ തർക്കം നിലനിൽക്കുന്ന രണ്ടാമത്തെ സീറ്റാണ് ബസിർഹത്ത്. സിപിഐയിൽ നിന്ന് ഏറ്റെടുക്കാനുള്ള സിപിഎമ്മിന്റെ ശ്രമമാണ് ഇവിടെയുള്ള തർക്കത്തിന്റെ കാരണം. സന്ദേശ്ഖാലി സമരത്തിനിടെ അറസ്റ്റിലായ നിരപാദ സർദാറിനെ മത്സരിപ്പിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. 2009 മുതൽ തൃണമൂലിന്റെ സിറ്റിങ് സീറ്റാണിത്. അതിന് മുമ്പ് സിപിഐയുടെ തട്ടകമായിരുന്നു ബസിർഹത്ത്.