ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വർധിപ്പിക്കാൻ കേന്ദ്രത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി നൽകി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്മിഷനെ കേന്ദ്ര സർക്കാർ സമീപിച്ചത്. കമ്മിഷന്റെ അനുമതി ലഭിച്ചതിനാൽ ഒരാഴ്ചയ്ക്കുള്ളിൽ വർധിപ്പിച്ച വേതനം നിലവിൽവരുമെന്നാണ് സൂചന.

വേതനവർധനവിൽ അനുഭാവപൂർണ്ണമായ നിലപാട് സ്വീകരിക്കണമെന്ന് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു. ഡി.എം.കെ. നേതാവ് കനിമൊഴി അധ്യക്ഷയായ പാർലമെന്ററി കമ്മിറ്റിയാണ് വേതനവർധനവിന് ശുപാർശ നൽകിയത്.

ഗ്രാമപ്രദേശങ്ങളിൽ ഓരോ കുടുംബത്തിനും സാമ്പത്തിക വർഷം പരമാവധി 100 ദിവസം തൊഴിലുറപ്പ് നൽകുന്ന പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. നിലവിലെ സാമ്പത്തികവർഷം ആറുകോടി കുടുംബങ്ങൾക്കാണ് പദ്ധതിവഴി തൊഴിൽ ലഭിച്ചത്. ഇതിൽ 35.5 ലക്ഷം കുടുംബങ്ങൾക്ക് 100 ദിവസത്തെ തൊഴിലുറപ്പ് ലഭിച്ചിട്ടുണ്ട്.