കോഴിക്കോട്: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനാണ് ഭയം തോന്നുന്നതെന്ന് പി.സി ജോർജ്. അധികം വൈകാതെ കേരളത്തിലെ മുഖ്യമന്ത്രിക്കും ഇത്തരത്തിലൊരു ഗതി വരുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

" ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇപ്പോൾ ജയിലിലാണ്. അദ്ദേഹം ജയിലിലായപ്പോൾ ഇവിടുത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് നെഞ്ചിടിപ്പ്. ഭരണത്തിൽ അഴിമതി കാണിക്കുന്നവർക്കൊരു താക്കീതാണിത്. മോഷ്ടിക്കുമ്പോഴും പിടിച്ചുപറിക്കുമ്പോഴും ഓർക്കണമായിരുന്നു. വൈകാതെ പിണറായി വിജയനും ഈ ഗതി വരും. 2029ൽ കേരളം ബിജെപി ഭരിക്കുന്ന കാഴ്ചയ്ക്കാണ് ഇനി നാം സാക്ഷ്യം വഹിക്കാൻ പോവുന്നത്".- പി.സി ജോർജ് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിനെ അതിന്റേതായ പ്രാധാന്യത്തിൽ കാണണമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനങ്ങൾ കാണാതെ പോവരുതെന്നും നല്ല കാര്യങ്ങൾ ഉൾക്കൊള്ളാൻ കേരളത്തിലെ ജനങ്ങൾ പഠിക്കണമെന്നും പി.സി ജോർജ് വ്യക്തമാക്കി.