ഹൈദരാബാദ്: വീട്ടിൽ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കളടക്കം കവർച്ച ചെയ്യാൻ ശ്രമിച്ച ആയുധധാരികളെ ധീരമായി തുരത്തിയ വീട്ടമ്മയ്ക്കും മകൾക്കും പൊലീസിന്റെ ആദരം. വ്യാഴാഴ്ചയാണ് ഹൈദരാബാദിൽ അഭിനന്ദനാർഹമായ സംഭവം നടന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ കോളിങ് ബെൽ ശബ്ദിക്കുമ്പോൾ അമിത മെഹോതും(42) മകളും വീട്ടിലുണ്ടായിരുന്നു. വീട്ടുജോലികളിൽ സഹായിക്കുന്ന സ്ത്രീയാണ് വാതിൽ തുറന്നത്.

പുറത്തുനിന്ന രണ്ട് യുവാക്കൾ പാഴ്സൽ ഡെലിവറിക്കെത്തിയതാണെന്ന് അവരെ അറിയിച്ചു. കാത്തുനിൽക്കാൻ ആവശ്യപ്പെട്ടയുടനെ സുശീൽ എന്നയാൾ തോക്ക് പുറത്തെടുക്കുകയും കൂടെയുണ്ടായിരുന്ന പ്രേംചന്ദ് എന്നയാൾ കത്തിയെടുത്ത് സഹായിയായ സ്ത്രീയുടെ കഴുത്തിൽവെക്കുകയും ചെയ്തു.

തുടർന്ന് രണ്ടുപേരും വീടിനുള്ളിലേക്ക് കയറി വീട്ടിലുള്ള വിലപിടിച്ചെതെല്ലാം കൈമാറാൻ ആവശ്യപ്പെട്ടു. എന്നാൽ ഭീഷണിയിൽ കുലുങ്ങാത്ത അമിതയും മകളും ചേർന്ന് സുശീലിനെ ഉന്തിയിടുകയും സഹായത്തിനായി അയൽവാസികളെ വിളിക്കുകയും ചെയ്തു.

സംഭവത്തിന്റെ സിസിടിവി ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ വൈറലാകുകയാണ്. അമിതയും മകളും ധൈര്യപൂർവം സുശീലിനെ പിടികൂടാൻ ശ്രമിക്കുന്നതും ഇവരിൽനിന്ന് രക്ഷപ്പെടാൻ സുശീൽ ശ്രമിക്കുന്നതും ഒടുവിൽ ഗേറ്റ് കടന്ന് ഓടുന്നതും ദൃശ്യത്തിൽ കാണാം. സുശീലിനെ പിന്നീട് പിടികൂടി. പ്രേംചന്ദിനെ അയൽവാസികൾ ചേർന്ന് പിടികൂടുകയും ചെയ്തു.

അമിതയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡെപ്യൂട്ടി കമ്മിഷണർ രോഹിണി പ്രിയദർശിനിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം വീട്ടിലെത്തിയാണ് അമിതയേയും മകളേയും ആദരിച്ചത്. അമിതയുടെ ഭർത്താവ് നവ്രത്തനും അഭിമാനത്തോടെ ഒപ്പമുണ്ടായിരുന്നു.