- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ട് ചെയ്യേണ്ടത് എല്ലാ പൗരന്മാരുടേയും കടമ; നിർബന്ധിക്കാൻ കോടതികൾക്ക് കഴിയില്ല
ചെന്നൈ: തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യേണ്ടത് രാജ്യത്തെ എല്ലാ പൗരന്മാരുടേയും കടമയാണെങ്കിലും അതിനായി അവരെ നിർബന്ധിക്കാൻ കോടതികൾക്ക് കഴിയില്ലെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി. തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്തുവെന്നതിന്റെ തെളിവ് എല്ലാ തൊഴിലാളികളോടും ആവശ്യപ്പെടാൻ തമിഴ്‌നാട്ടിലെ തൊഴിലുടമകളോട് നിർദേശിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് എസ്.വി. ഗംഗാപുർവാല, ജസ്റ്റിസ് ഡി. ഭരത ചക്രവർത്തി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
അഭിഭാഷകനായ ബി. രാംകുമാർ ആദിത്യനാണ് പൊതുതാത്പര്യ ഹർജി നൽകിയത്. സംസ്ഥാനത്തെ ഭൂരിഭാഗം സ്ഥാപനങ്ങളും തിരഞ്ഞെടുപ്പ് ദിവസങ്ങളിൽ അടച്ചിടുമെങ്കിലും തൊഴിലാളികൾ പോളിങ് ബൂത്തിൽ പോയി വോട്ട് ചെയ്യുന്നതിന് പകരം അവധി ദിവസം പോലെ ആഘോഷിക്കുകയാണെന്നാണ് ഹർജിയിൽ പറഞ്ഞത്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ തൊഴിലുടമകൾ തങ്ങളുടെ തൊഴിലാളികളോട് വോട്ടിങ് സ്ലിപ്പോ മറ്റ് തെളിവുകളോ നിർബന്ധമായി ചോദിക്കണം എന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
പൊതുതാത്പര്യ ഹർജിയിൽ ഉന്നയിച്ചത് 'വിചിത്രമായ പ്രശ്ന'മാണെന്നാണ് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചത്. ഇത്തരമൊരു ഉത്തരവ് ഇറക്കാൻ നിലവിൽ ഒരു നിയമവും നിലനിൽക്കുന്നില്ല എന്നും കോടതി വ്യക്തമാക്കി.
'വോട്ട് ചെയ്യുക എന്ന വിലയേറിയ അവകാശംവിനിയോഗിക്കാതിരിക്കാനാണ് ഒരാൾ തീരുമാനിക്കുന്നതെങ്കിൽ അയാളെ അതിന് നിർബന്ധിക്കാൻ മറ്റൊരാൾക്കും കഴിയില്ല. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 135 ബി വകുപ്പ് പ്രകാരം വോട്ടെടുപ്പ് ദിനത്തിൽ ശമ്പളത്തോടെ അവധി നൽകിയിട്ടുണ്ടെങ്കിൽ പോലും അതിന് കഴിയില്ല. വോട്ട് ചെയ്യാനായി ഒരാൾക്ക് മറ്റൊരാളെ എങ്ങനെയാണ് നിർബന്ധിക്കാൻ കഴിയുക? അത് പൗരന്മാരുടെ കടമയാണ്. പക്ഷേ നിയമപരമായി നിർബന്ധമാക്കിയ കാര്യമല്ല.' -മദ്രാസ് ഹൈക്കോടതി പറഞ്ഞു.