- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെജ്രിവാളിന്റെ അറസ്റ്റ്: എഎപി എംഎൽഎ ഗുലാബ് സിങ്ങിന്റെ വസതിയിൽ റെയ്ഡ്
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായതിന് പിന്നാലെ ആം ആദ്മി പാർട്ടി എംഎൽഎ ഗുലാബ് സിങ്ങിന്റെ വസതിയിൽ ഇഡി റെയ്ഡ്. ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ഗുലാബ് സിങ്ങിന്റെ വസതിയിൽ റെയ്ഡ് നടത്തിയതെന്ന് എഎപി അറിയിച്ചു. ഏതു കേസിലാണ് റെയ്ഡ് നടന്നതെന്ന കാര്യം വ്യക്തമല്ലെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഡൽഹി മട്യാല നിയോജക മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ആയ സിങ്ങിനാണ് പാർട്ടിയുടെ ഗുജറാത്ത് യൂണിറ്റിന്റെ ചുമതല.
ഇന്ത്യ റഷ്യയുടെ പാത പിന്തുടർന്ന് ഏകാധിപത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഡൽഹി മന്ത്രിയും എഎപി നേതാവുമായ സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി. "മുഴുവൻ പ്രതിപക്ഷത്തെയും ജയിലിലാക്കാനുള്ള തിരക്കിലാണു ബിജെപിയെന്ന് ഇന്ത്യക്കാർക്കു മാത്രമല്ല ലോകം തന്നെ മനസ്സിലാക്കിക്കഴിഞ്ഞു. റഷ്യയുടെ പാത പിന്തുടരുകയാണു രാജ്യം. ബംഗ്ലാദേശിലും പാക്കിസ്ഥാനിലും ഉത്തര കൊറിയയിലും മുൻപ് ഇങ്ങനെ കണ്ടിട്ടുണ്ട്. ഇന്ന് ഇന്ത്യ അതേ പാതയിലാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇന്ന് ഏകാധിപത്യത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. അവിടെ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ നിരാകരിക്കപ്പെടും, പ്രതിപക്ഷത്തെ ഇല്ലാതാക്കും.
ഞങ്ങളുടെ നാലു നേതാക്കളാണു തെറ്റായ കേസുകളിൽ ഇന്നു ജയിലിൽ കഴിയുന്നത്. ഞങ്ങൾ ഗുജറാത്തിൽ മത്സരിക്കുന്നുണ്ട്. അതുകൊണ്ട് ഗുജറാത്തിലെ ചുമതലക്കാരനായ ഗുലാബിന്റെ വീട്ടിൽ ഇന്ന് റെയ്ഡ് നടന്നു" സൗരഭ് ആരോപിച്ചു. പ്രതിപക്ഷത്തെ ഭയപ്പെടുത്തി നിശബ്ദരാക്കാനാണു ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഈ മാസം 31 ന് ഡൽഹിയിൽ ഇന്ത്യ സഖ്യം റാലി നടത്തും. കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് റെയ്ഡ്. തെരഞ്ഞെടുപ്പ് കാലത്തെ അറസ്റ്റും റെയ്ഡും നിരീക്ഷിക്കാൻ സമിതി വേണമെന്ന് ഇന്ത്യ സഖ്യം ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനോ കമ്മീഷന് കീഴിലുള്ള പ്രത്യേക സമിതിയോ നിരീക്ഷിക്കണമെന്നാണ് ആവശ്യം.
ഈ സമിതിയുടെ അംഗീകാരമില്ലാതെ അറസ്റ്റോ, റെയ്‌ഡോ അനുവദിക്കരുതെന്നും ഇന്ത്യ സഖ്യ നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് ഇന്ത്യ സഖ്യം സുപ്രീം കോടതിയെയും സമീപിക്കും. അതിനിടെയാണ് എഎപി ഡൽഹി നിയമസഭാംഗം ഗുലാബ് സിങ് യാദവിന്റെ വീട്ടിൽ ഇഡി സംഘം പരിശോധന തുടങ്ങിയത്.
കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഇന്ന് എഎപി നേതാക്കളുടെ രാജ്യ സംരക്ഷണ പ്രതിജ്ഞ നടക്കും. ഡൽഹി ശഹീദി പാർക്കിലെ പരിപാടിയിൽ എഎപി മന്ത്രിമാരും എംഎൽഎമാരും കൗൺസിലർമാരും പങ്കെടുക്കും. പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചിരുന്നു. മാർച്ച് 26ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുൻപിൽ പ്രതിഷേധം സംഘടിപ്പിക്കും. ഘെരാവോ മോഡൽ സമരമുറയാകും സ്വീകരിക്കുക.
കേസിൽ നേരത്തെ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ.കവിതയുടെ ഇഡി കസ്റ്റഡി ഇന്ന് അവസാനിക്കും. കവിതയെ വീണ്ടും ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും. ഇഡി വീണ്ടും കവിതയെ കസ്റ്റഡിയിൽ ആവശ്യപ്പെടും. ജാമ്യം ആവശ്യപ്പെട്ട് കവിത വിചാരണക്കോടതിയിൽ അപേക്ഷ നൽകിയേക്കുമെന്നും വിവരമുണ്ട്. കഴിഞ്ഞ ദിവസം കവിതയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു.