ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ ഡൽഹിയിൽ ഇന്നും കടുത്ത പ്രതിഷേധം. ഷഹീദി പാർക്കിൽ ആം ആദ്മി പ്രവർത്തകർ പ്രതിഷേധ ധർണ ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളിലെ എ.എ.പി എംപിമാരും എംഎ‍ൽഎമാരുമടക്കം നൂറുകണക്കിനു പ്രവർത്തകരും പ്രതിഷേധത്തിൽ അണിനിരക്കുന്നുണ്ട്. കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇ.ഡിക്കും എതിരെയാണ് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ അൽപസമയത്തിനകം ഷഹീദി പാർക്കിലേക്ക് എത്തും.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾമാത്രം ശേഷിക്കെ പ്രതിപക്ഷത്തെ പ്രമുഖനേതാവായ കെജ്രിവാളിനെ വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് വീട്ടിൽനിന്ന് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ വൻ സുരക്ഷാ സന്നാഹങ്ങളുമായി കെജ്രിവാളിന്റെ ഡൽഹിയിലെ ഫ്ലാഗ് സ്റ്റാഫ് റോഡിലുള്ള ഔദ്യോഗിക വസതിയിൽ എത്തിയ ഇ.ഡി.സംഘം ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

തുടർന്ന് വെള്ളിയാഴ്ച ഡൽഹി റോസ് അവന്യൂ കോടതി അദ്ദേഹത്തെ മാർച്ച് 28 വരെ ഇ.ഡി. കസ്റ്റഡിയിൽ വിടുകയും ചെയ്തു. മൂന്നര മണിക്കൂർ നീണ്ട വാദത്തിനൊടുവിലാണ് ഇ.ഡിയുടെ ആവശ്യം കോടതി അംഗീകരിച്ചത്.