ചെന്നൈ: ലോക്‌സഭാതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടിക്കടി തമിഴ്‌നാട്ടിൽ വരുന്നതെന്നും അല്ലെങ്കിൽ വിദേശത്തായിരിക്കുമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു.

"ബിജെപി.യുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കഴിഞ്ഞ പത്തുവർഷത്തിൽ ഒരുപദ്ധതിപോലും തമിഴ്‌നാടിന് അനുവദിച്ചിട്ടില്ല. രാജ്യത്താകമാനം ബിജെപി.വിരുദ്ധ തരംഗമുണ്ട്. ഭരണം കൈവിട്ടുപോകുമോയെന്ന ഭയം മോദിയുടെ മുഖത്തുനിന്ന് വ്യക്തമാണ്. അതിനാൽ, ദക്ഷിണേന്ത്യയിൽ കേന്ദ്രീകരിച്ച് പ്രചാരണം നടത്തി നേട്ടമുണ്ടാക്കാൻ കഴിയുമോയെന്ന പരീക്ഷണമാണ് പ്രധാനമന്ത്രി നടത്തുന്നത്.

പ്രധാനമന്ത്രിയുടെ പ്രചാരണപരിപാടിയിലൂടെ ഒരു നേട്ടവും ബിജെപി.ക്കുണ്ടാകാൻ പോകുന്നില്ല. ഈ വരുന്ന ലോക്‌സഭാതിരഞ്ഞെടുപ്പിലും തമിഴ്‌നാട്ടിലെ 39 സീറ്റുകളും പുതുച്ചേരിയിലെ ഒരു സീറ്റും ഡി.എം.കെ. സഖ്യം നേടുമെന്നത് ഉറപ്പാണ്. ബിജെപി.ക്ക് തമിഴകമണ്ണിൽ ഒരു സീറ്റുപോലും ലഭിക്കില്ല" -സ്റ്റാലിൻ പ്രചാരണയോഗത്തിൽ പറഞ്ഞു.