ന്യൂഡൽഹി: കോൺഗ്രസിലേക്ക് ചേക്കേറിയ, എംപിയും മുൻ ബിഎസ്‌പി നേതാവുമായിരുന്ന ഡാനിഷ് അലിക്ക് ലോക്‌സഭ സീറ്റ് നൽകരുതെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം. അംരോഹയിലെ സിറ്റിങ് എംപിയായ ഡാനിഷ്, എംപിയെന്ന നിലയിൽ പരാജയമാണ്, അതിനാൽ സീറ്റ് നൽകരുതെന്നാണ് അംരോഹയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആവശ്യപ്പെടുന്നത്. ഈ ആവശ്യമുന്നയിച്ച് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും എഐസിസി ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ചു.

ഇക്കഴിഞ്ഞ 20നാണ് ഡാനിഷ് അലി ഔദ്യോഗികമായി കോൺഗ്രസ് അംഗത്വം സ്വീകരിക്കുന്നത്. ഇതിന് മുമ്പ് തന്നെ ഇദ്ദേഹം കോൺഗ്രസിനോടൊപ്പമാണെന്ന സൂചനകൾ വന്നിരുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്തതിന് ബിഎസ്‌പി ഡാനിഷ് അലിക്കെതിരെ നടപടിയെടുത്തിരുന്നു.

അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ച് പാർട്ടിയിൽ നിന്ന് ഡാനിഷ് അലിയെ വിലക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹം കോൺഗ്രസിലേക്ക് ചേക്കേറിയത്. സിറ്റിങ് സീറ്റായ അംരോഹയിൽ നിന്ന് തന്നെ മത്സരിക്കുമെന്ന വാർത്തയും അന്നുതന്നെ വന്നു. എന്നാൽ ശക്തമായ പ്രതിഷേധം അംരോഹയിൽ നിന്ന് തന്നെ വരുന്ന നിലയ്ക്ക് ഇനി ഡാനിഷിന്റെ കാര്യത്തിൽ കോൺഗ്രസ് എന്ത് നീക്കം നടത്തുമെന്നത് കണ്ടറിയണം.