ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ തുടരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കടന്നാക്രമിച്ച് ബിജെപി നേതൃത്വം. ഭാര്യ സുനിത കെജ്രിവാൾ അനുഭവിക്കുന്ന വേദനയ്ക്ക് ഉത്തരവാദി അരവിന്ദ് കെജ്രിവാളാണെന്ന് ഡൽഹി ബിജെപി. പ്രസിഡന്റ് വിരേന്ദ്ര സച്ച്ദേവ ആരോപിച്ചു. കോൺഗ്രസും എ.എ.പി യും അഴിമതിക്കാരാണെന്നും വിരേന്ദ്ര സച്ച്‌ദേവ പറഞ്ഞു. കെജ്രിവാളിന്റെ സന്ദേശം വായിച്ചുകൊണ്ടുള്ള വീഡിയോ സുനിത പുറത്തുവിട്ടതിന് പിന്നാലെയാണ് ബിജെപി വീണ്ടും വിമർശനങ്ങളുമായി രംഗത്തുവന്നത്.

എഎപി പ്രവർത്തകർക്കായി ജയിലിൽനിന്ന് കേജ്രിവാൾ അയച്ച സന്ദേശം സുനിത എക്‌സിലൂടെ പങ്കുവച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭാര്യയെ ദുഃഖത്തിലാഴ്‌ത്തിയതിന് കേജ്രിവാളിനെ വിമർശിച്ച് ബിജെപി രംഗത്തെത്തിയത്. കോൺഗ്രസ്എഎപി കൂട്ടുകെട്ടിനെയും അദ്ദേഹം വിമർശിച്ചു. എഎപി സർക്കാരിന്റെ നയങ്ങളിൽ ഒരു കാലത്ത് പൊറുതിമുട്ടിയിരുന്ന കോൺഗ്രസ് ഇന്ന് അവർക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് വീരേന്ദ്ര പറഞ്ഞത്. ഷീല ദീക്ഷിതിനെയും സോണിയ ഗാന്ധിയെയും കുറ്റപ്പെടുത്തിയിരുന്ന എഎപി ഇന്ന് കോൺഗ്രസിനൊപ്പം ചേർന്നിരിക്കുന്നു. രണ്ടുഅഴിമതിക്കാർ പരസ്പരം കൈകോർത്ത് പിടിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

"അത്യധികം ദുഃഖത്തോടെ അവരെ സംസാരിക്കാൻ പ്രേരിപ്പിച്ചതിന്റെ ഉത്തരവാദിത്വം കേജ്രിവാളിനാണ്. സർക്കാർ സൗകര്യങ്ങൾ, കാറും സെക്യൂരിറ്റിയുമെല്ലാം സ്വീകരിച്ചപ്പോഴായിരുന്നു അവർ വാർത്താസമ്മേളനം നടത്തേണ്ടിയിരുന്നത്. കാരണം ഇതൊന്നും സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ് കേജ്രിവാൾ. വലിയ ബംഗ്ലാവിൽ പ്രവേശിച്ചപ്പോൾ, നികുതിദായകരുടെ പണം പാഴാക്കിയപ്പോൾ, ഡൽഹി യുവാക്കൾക്ക് ഒരു കുപ്പിക്കൊപ്പം മറ്റൊരു കുപ്പി സൗജന്യമായി നൽകിയപ്പോൾ, 100 കോടിയുടെ തിരിമറി നടത്തിയപ്പോഴെല്ലാമാണ് അവർ വാർത്താസമ്മേളനം നടത്തേണ്ടിയിരുന്നത്." ഡൽഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു.

അവർക്ക് അഗാധമായ വേദനയോടെ സംസാരിക്കേണ്ടി വന്നതിന് പിന്നിൽ അരവിന്ദ് കെജ്രിവാളാണ് ഉത്തരവാദി. കെജ്രിവാൾ സർക്കാർ സംവിധാനങ്ങളും വീടും കാറും സുരക്ഷാസംവിധാനങ്ങളും സ്വീകരിക്കുന്ന സമയത്ത് അവർ വാർത്താസമ്മേളനം നടത്തിയിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു. കാരണം ഇത്തരം ആനുകൂല്യങ്ങൾ സ്വീകരിക്കില്ലെന്നാണ് അദ്ദേഹം പ്രതിജ്ഞയെടുത്തത്.

കോൺഗ്രസ് ഒരുകാലത്ത് എ.എ.പി സർക്കാരിന്റെ നയങ്ങളെ വിമർശിച്ചിരുന്നു. എന്നാൽ ഇപ്പോൾ പിന്തുണ കൊടുക്കുകയാണ്. ഈ അഴിമതി റിപ്പോർട്ട് ചെയ്തത് കോൺഗ്രസ് നേതാവ് അജയ് മാക്കനായിരുന്നു. ഷീല ദീക്ഷിത്തിനേയും സോണിയാ ഗാന്ധിയേയും വിമർശിക്കാറുണ്ടായിരുന്ന അരവിന്ദ് കെജ്രിവാൾ ഇപ്പോൾ രാഹുൽ ഗാന്ധിക്കൊപ്പമാണ്. കോൺഗ്രസും എ.എ.പി യും അഴിമതിക്കാരാണ്. പരസ്പരം കൈപിടിച്ചാണ് അവർ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. - സച്ച്ദേവ ആരോപിച്ചു.

ശനിയാഴ്ചയാണ് സുനിത കെജ്രിവാൾ അരവിന്ദ് കെജ്രിവാളിന്റെ സന്ദേശം വായിച്ചത്.

സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്നത് തുടരണം. ബിജെപി പ്രവർത്തകരോട് വെറുപ്പ് പാടില്ല. അവർ നമ്മുടെ സഹോദരീ സഹോദരന്മാരാണ്. രാജ്യത്തിന് അകത്തും പുറത്തുമുള്ള ശക്തികൾ ഇന്ത്യയെ ദുർബലപ്പെടുത്തുകയാണ്. ഇത്തരം ശക്തികളെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താൻ ജാഗരൂകരാകണം. ഒരു ജയിലിനും എന്നെ അധികകാലം അഴിക്കുള്ളിലാക്കാൻ കഴിയില്ല. ഞാൻ ഉടൻ പുറത്ത് വന്ന് നൽകിയ ഉറപ്പുകൾ പാലിക്കും-കെജ്രിവാൾ സന്ദേശത്തിൽ വ്യക്തമാക്കി.

അതേസമയം, അറസ്റ്റ് ചോദ്യംചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അടിയന്തര സിറ്റിങ് നടത്തി തന്നെ ജയിൽമോചിതനാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെജ്രിവാൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഹർജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഹർജി അടുത്ത ബുധനാഴ്ച പരി?ഗണിക്കാമെന്ന് കോടതി അറിയിച്ചു.

വ്യാഴാഴ്ച രാത്രി അറസ്റ്റിലായ കെജ്രിവാളിനെ കോടതി മാർച്ച് 28 വരെ ഇ.ഡി. കസ്റ്റഡിയിൽ വിട്ടിരുന്നു. ഒമ്പതുതവണ ബോധപൂർവം സമൻസ് അവഗണിച്ച കെജ്രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഇ.ഡി.യുടെ വാദം അംഗീകരിച്ചാണ് സിബിഐ. പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ കെജ്രിവാളിനെ കസ്റ്റഡിയിൽ വിട്ടത്. അറസ്റ്റിൽനിന്ന് സംരക്ഷണം തേടിയുള്ള കെജ്രിവാളിന്റെ അപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി മണിക്കൂറുകൾക്കകമായിരുന്നു വ്യാഴാഴ്ച രാത്രി അദ്ദേഹത്തെ അറസ്റ്റുചെയ്തത്.