പട്‌ന: ബിഹാറിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ജനതാദൾ യുണൈറ്റഡ് (ജെ.ഡി.യു.) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 16 ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ജെ.ഡി.യു. ദേശീയ വൈസ് പ്രസിഡന്റ് വസിഷ്ഠ് നാരായൺ സിങ് പ്രഖ്യാപിച്ചത്. രണ്ട് സിറ്റിങ് എംപിമാരെ മാറ്റിനിർത്തിക്കൊണ്ടാണ് ജെ.ഡി.യുവിന്റെ സ്ഥാനാർത്ഥി പട്ടിക.

ഈ മാസം തുടക്കത്തിൽ ആർ.ജെ.ഡി. വിട്ട് ജെ.ഡി.യുവിൽ എത്തിയ ലൗലി ആനന്ദും സ്ഥാനാർത്ഥിപ്പട്ടികയിൽ ഇടംനേടി. ഷിയോഹാറിൽ നിന്നാണ് ലൗലി ആനന്ദ് മത്സരിക്കുക. സിതാമർഹിയിൽ സിറ്റിങ് എംപിയെ മാറ്റി ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ ദേവേഷ് ചന്ദ്ര ഠാക്കൂർ മത്സരിക്കും. സിവാൻ ലോക്‌സഭാ മണ്ഡലത്തിൽ കഴിഞ്ഞദിവസം ജെ.ഡി.യുവിനൊപ്പം ചേർന്ന വിജയ് ലക്ഷ്മി കുഷ്വാഹ മത്സരിക്കും.

ബിഹാറിൽ ആകെ 40 ലോക്‌സഭാ സീറ്റുകളാണുള്ളത്. 17 സീറ്റുകളിലാണ് ബിജെപി. മത്സരിക്കുക. 16 സീറ്റിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവും അഞ്ച് സീറ്റുകളിൽ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയുമാണ് മത്സരിക്കുന്നത്.