ഹൈദരാബാദ്: ഫോൺ ചോർത്തുകയും ചില ഔദ്യോഗിക വിവരങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ കൂടി അറസ്റ്റിൽ. അഡീഷണൽ ഡി.സി.പി തിരുപത്തണ്ണ, അഡീഷണൽ പൊലീസ് സൂപ്രണ്ട് എൻ ഭുജംഗ റാവു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്ന് ആയി.

ബി.ആർ.എസ് സർക്കാരിന്റെ കാലത്ത് വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളിലുള്ള വിവരങ്ങൾ നശിപ്പിച്ചുവെന്നും ഫോൺ ചോർത്തലിൽ നേരത്തെ അറസ്റ്റിലായ ഡി.എസ്‌പി ഡി. പ്രണീത് റാവുവിനെ സഹായിച്ചുവെന്നുമാണ് ഇവർക്കെതിരെയുള്ള ആരോപണം.

കെ.സി.ആറിന്റെ ബി.ആർ.എസ് പാർട്ടിക്കും സംഭവത്തിൽ പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മുൻ എസ്‌ഐ.ബി മേധാവി ടി. പ്രഭാകർ റാവു, മുൻ ടാസ്‌ക്ഫോഴ്സ് ഡി.സി.പി രാധാ കിഷൻ റാവു എന്നിവരും നിലവിൽ പൊലീസ് നിരീക്ഷണത്തിലാണ്.

സ്വകാര്യ വ്യക്തികളുടെപേരിൽ പ്രൊഫൈലുകൾ നിർമ്മിച്ച് നിയമവിരുദ്ധയമായി മറ്റുള്ളവരെ നിരീക്ഷിക്കുക, ഔദ്യോഗിക സ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുക, പൊതുമുതൽ നശിപ്പിച്ച് തെളിവ് നശിപ്പിക്കുക, ഗൂഢാലോചന ഉൾപ്പടെയുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മാർച്ച് 10 ന് എസ്‌ഐ.ബിയുടെ അഡിഷണൽ പൊലീസ് സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചഗുട്ട പൊലീസാണ് ഇവർക്കെതിരെ കേസെടുത്തത്.