ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ഹോളി ആഘോഷത്തിനിടെ മുസ്ലിം കുടുംബത്തെ അക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത മൂന്ന് പേരേക്കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തു. അനിരുദ്ധ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തികാത്ത മൂന്നുപേരെ ജുവനൈൽ ഹോമിലേക്ക് മാറ്റി. സംഭവത്തിന്റെ ദൃശ്യങ്ങൾ വിവാദമായതിനു പിന്നാലെയാണ് നടപടി.

ബൈക്കിൽ യാത്രചെയ്യുകയായിരുന്നു രണ്ടു സ്ത്രീകളേയും യുവാവിനേയും ഹോളി ആഘോഷിക്കുന്ന ഒരു സംഘം യുവാക്കൾ തടഞ്ഞു നിർത്തുകയും യാത്രക്കാരായ മൂന്നുപേർക്കും നേരെ വെള്ളമൊഴിക്കുകയുമായിരുന്നു. സ്ത്രീകളുടെ മുഖത്ത് ബലമായി പിടിച്ചുവെച്ച് മുഖത്ത് ചായം പൂശുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ബലമായി ചായം പൂശാൻ ശ്രമിക്കുന്നവരെ സ്ത്രീകൾ തടയുന്നതും ദൃശ്യങ്ങളിൽ കാണാം. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും പ്രതിഷേധങ്ങൾക്കിടയാക്കുകയും ചെയ്തിരുന്നു.

സംഭവത്തിൽ ബിജ്‌നോർ പൊലീസ് ചീഫ് നീരജ് കുമാർ പ്രാദേശിക പൊലീസിനോട് നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അന്വേഷണത്തിൽ സംഭവം നടന്നത് ദാംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് കണ്ടെത്തി. തുടർന്ന് വീഡിയോ ദൃശ്യങ്ങളിൽ കാണുന്ന യുവാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.