ന്യൂഡൽഹി: ട്യൂഷൻ ടീച്ചറുടെ സഹോദരൻ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. സംഭവം അറിഞ്ഞ നാട്ടുകാർ അദ്ധ്യാപികയുടെ വീടു വളയുകയും ആക്രമണം അഴിച്ചു വിടുകയും ചെയ്തു. കിഴക്കൻ ഡൽഹിയിലെ പാണ്ഡവ് നഗറിലാണ് സംഭവം. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവമറിഞ്ഞ് പ്രതിയുടെ വീടിനു പുറത്ത് നിരവധി പേർ പ്രതിഷേധിച്ചു. പ്രകോപിതരായ ജനക്കൂട്ടം പ്രദേശത്തെ കാറുകൾക്കും ഓട്ടോകൾക്കും കേടുപാടുകൾ വരുത്തി.

സംഭവസമയത്ത് ടീച്ചർ വീട്ടിലുണ്ടായിരുന്നില്ല. ലൈംഗിക ഉപദ്രവത്തിനു ശേഷം ഇക്കാര്യം ആരോടും പറയരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ കൂടുതൽ സംസാരിച്ചപ്പോഴാണ് സംഭവമറിഞ്ഞത്. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവേറ്റിട്ടുണ്ട്. പ്രതിയുടെ വീടിനു നേരെയുള്ള ആക്രമണം കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.