- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റാലിനെത്തുന്നതിന് തൊട്ടുമുമ്പ് തിരുനെൽവേലിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനായി രാജസ്ഥാനിൽ നാലിടത്തും തമിഴ്‌നാട്ടിലെ ഒരു സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ് നേതൃത്വം. ഇതോടെ 190 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചു. ആറാംഘട്ട സ്ഥാനാർത്ഥിപ്പട്ടികയിൽ അജ്മീറിൽ രാമചന്ദ്ര ചൗധരി, രാജ്സമന്ദിൽ സുദർശൻ റാവത്ത്, ഭിൽവാരയിൽ ദാമോദർ ഗുർജാർ, കോട്ടയിൽ പ്രഹ്ലാദ് ഗുഞ്ചാൾ, തിരുനൽവേലിയിൽ അഡ്വ. സി. റോബർട്ട് ബ്രൂസ് എന്നിവരാണ് ഇടംപിടിച്ചത്.
രാജസ്ഥാനിൽ വസുന്ധര രാജെയുടെ അടുത്ത അനുയായി ആയിരുന്നു പ്രഹ്ലാദ് ഗുഞ്ചാൾ. കഴിഞ്ഞ ദിവസം വലിയ കോട്ടയിൽനിന്ന് ശക്തിപ്രകടനമായി വലിയ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ ജയ്പൂരിലെത്തിയാണ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. കോട്ടയിൽ ലോക്സഭാ സ്പീക്കർ ഓം ബിർലക്കെതിരായാണ് ഗുഞ്ചാൾ മത്സരിക്കുക.
അതേസമയം, അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് തമിഴ്‌നാട്ടിലെ തിരുനൽവേലിയിൽ കോൺഗ്രസിന് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്. തിങ്കളാഴ്ച വൈകീട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇവിടെ പ്രചാരണത്തിന് എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത്. നേരത്തെ പരിപാടി തീരുമാനിച്ചിരുന്ന തിരുനൽവേലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തതിൽ ഡി.എം.കെയിൽ അതൃപ്തിയുണ്ടായിരുന്നു. സഖ്യത്തിൽ അനുവദിച്ച ഒമ്പതുസീറ്റിൽ എട്ടിടത്തും ഇതോടെ കോൺഗ്രസ് സ്ഥാനാർത്ഥികളായി. ഇനി മൈലാടുതുറയിൽകൂടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കേണ്ടതുണ്ട്.
സീറ്റിനായി നിരവധി നേതാക്കൾ രംഗത്തെത്തിയതാണ് തിരുനൽവേലിയിൽ സ്ഥാനാർത്ഥി നിർണയം നീണ്ടുപോകാൻ കാരണം. ജില്ലാ കോൺഗ്രസ് ട്രഷറർ പോൾരാജ്, നങ്കുനേരി എംഎൽഎ. റൂബി മനോഹർ, തമിഴ്‌നാട് ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ പീറ്റർ അൽഫോൻസ്, മുൻ എംപി. എസ്.എസ്. രാമസുബ്ബു എന്നിവർ സീറ്റിനായി രംഗത്തുണ്ടായിരുന്നു. എ.ഐ.സി.സി. അംഗമാണ് റോബർട്ട് ബ്രൂസ്.