ഹൈദരാബാദ്: വ്യാജ ഓക്‌സ്ഫഡ് ഡിക്ഷനറിയിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ ഹൈദരാബാദിലെ ചത്രിനാകയിൽ നിന്നാണ് 6.25 ഗ്രാം കഞ്ചാവും 18.75ഗ്രാം എം.ഡി.എം.എയും പൊലീസ് പിടിച്ചെടുത്തത്.

സംഭവത്തിൽ വസ്ത്ര വ്യാപാര ശാലയിലെ ജീവനക്കാരനായ ഗോസ്വാമി ആശിഷ് ഗീറിനെ(24) അറസ്റ്റ് ചെയ്തു. ഇയാൾ മുമ്പും മയക്കുമരുന്നു കടത്ത് നടത്തിയിട്ടുള്ളതായി പൊലീസിനോട് സമ്മതിച്ചു. ഓക്‌സ്ഫഡിന്റെ പോക്കറ്റ് ഡിക്ഷനറിയുടെ പുറംചട്ട വെച്ച് വ്യാജ ഡിക്ഷനറി ഉണ്ടാക്കിയാണ് ലഹരിക്കടത്തിന് ശ്രമിച്ചത്. ഇതിന്റെ അകത്താണ് കഞ്ചാവും എം.ഡി.എം.എയും ഒളിപ്പിച്ചത്.

ലഹരിക്കടത്തുകാരുടെയും ഉപഭോക്താക്കളുടെയും പേരുവിവരങ്ങളും ഒരു കാറും ഇയാളിൽനിന്നു പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾക്ക് നിരവധി ലഹരിക്കടത്തുകാരുമായി ബന്ധമുള്ളതായും സംശയിക്കുന്നുണ്ട്. ഗോസ്വാമിക്കൊപ്പമുണ്ടായിരുന്ന മിലൻ ദേബ്നാഥ്, സയ്യിദ് എസ്.കെ എന്നിവർ രക്ഷപ്പെട്ടു. ഇവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.