പനജി: ഗോവയിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി വനിതാ സ്ഥാനാർത്ഥിയെ അവതരിപ്പിച്ച് ബിജെപി. സൗത്ത് ഗോവ ലോക്സഭാ മണ്ഡലത്തിൽനിന്ന് ജനവിധി തേടുന്ന പല്ലവി ഡെംപോ ബിജെപിയുടെ സംസ്ഥാനത്തെ ആദ്യ വനിതാ ലോക്സഭാ സ്ഥാനാർത്ഥിയാണ്. ഡെംപോ ഇൻഡസ്ട്രീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് പല്ലവി.

ഡെംപോ ഗ്രൂപ്പിന്റെ മാധ്യമ, റിയൽ എസ്റ്റേറ്റ് വിഭാഗമാണ് പല്ലവി കൈകാര്യംചെയ്യുന്നത്. രസതന്ത്രത്തിൽ ബിരുദവും പൂണെ എം.ഐ.ടിയിൽനിന്ന് എം.ബി.എയുമുള്ള പല്ലവി വിദ്യാഭ്യാസമേഖലയിലും പ്രവർത്തിക്കുന്നുണ്ട്. ഗോവ ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് തലവനാണ് പല്ലവിയുടെ പങ്കാളി ശ്രീനിവാസ് ഡെംപോ.

നിലവിൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ് സൗത്ത് ഗോവ. ഫ്രാൻസിസ്‌കോ സാർഡിൻഹയാണ് ഇവിടെ എംപി. നേരത്തെ മുർമുഗാവ് എന്നറിയപ്പെട്ടിരുന്ന മണ്ഡലത്തിൽ 1962 ശേഷം രണ്ടുതവണ മാത്രമേ ബിജെപിക്ക് വിജയിക്കാൻ സാധിച്ചിട്ടുള്ളൂ. 20 നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ഈ സീറ്റിൽ 1999-ലും 2014-ലും മാത്രമാണ് ബിജെപി. വിജയിച്ചത്.