- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃഷ്ണനഗറിൽ മഹുവ മൊയ്ത്രയെ വീഴ്‌ത്താൻ ബിജെപി
കൊൽക്കത്ത: പശ്ചിമബംഗാളിലെ കൃഷ്ണനഗറിൽ മഹുവ മൊയ്ത്രയെ വീഴ്‌ത്താൻ ശക്തമായ സ്ഥാനാർത്ഥിയെ രംഗത്തിറക്കി ബിജെപി. രാജകുടുംബാംഗമായ വനിതാ സ്ഥാനാർത്ഥിയെയാണ് ബിജെപി രംഗത്ത് ഇറക്കിയിരിക്കുന്നത്. കൃഷ്ണനഗർ കൊട്ടാരത്തിലെ 'രാജമാത' അമൃത റോയിയാണ്, ചോദ്യത്തിന് കോഴ ആരോപണത്തെത്തുടർന്ന് അയോഗ്യയാക്കപ്പെട്ട സിറ്റിങ് എംപി. മഹുവ മൊയ്ത്രയെ നേരിടുന്നത്.
നദിയയിലെ രാജാവായിരുന്ന കൃഷ്ണചന്ദ്ര റോയിയുടെ കുടുംബത്തിലെ പിന്മുറക്കാരിയാണ് അമൃത റോയ്. സംസ്ഥാനത്ത് ഇപ്പോഴും സ്വാധീനമുള്ള രാജകുടുംബത്തിൽനിന്ന് കൃഷ്ണനഗറിൽ സ്ഥാനാർത്ഥി വരുന്നത് തങ്ങൾക്ക് ഗുണംചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കേന്ദ്രസർക്കാരിന്റേയും ഭരണകക്ഷിയുടേയും കടുത്ത വിമർശകയായ മഹുവയെ, മണ്ഡലത്തിൽ സ്വാധീനമുള്ള രാജകുടുംബത്തിലെ അംഗത്തെയിറക്കി പൂട്ടാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ,
നിരന്തര ചർച്ചകൾക്കൊടുവിലാണ് സ്ഥാനാർത്ഥിയാവാനുള്ള ബിജെപിയുടെ അഭ്യർത്ഥന അമൃത റോയ് സ്വീകരിച്ചത്. ബിജെപി. നദിയ ജില്ലാ കമ്മിറ്റിയാണ് സ്ഥാനാർത്ഥിത്വവുമായി അവരെ സമീപിച്ചത്. സ്ഥാനാർത്ഥിയാവാൻ സമ്മതിച്ച അമൃത റോയ് കഴിഞ്ഞ ബുധനാഴ്ച പാർട്ടിയിൽ അംഗത്വമെടുത്തു. സമൂഹത്തിന് വേണ്ടി കൃഷ്ണനഗർ രാജകുടുംബം നൽകിയ സംഭാവനകൾ എല്ലാവർക്കും അറിയാമെന്നും രാജകുടുംബത്തിലെ മരുമകളായിട്ടല്ല, സാധാരണക്കാരുടെ ശബ്ദമായിട്ടാണ് താൻ മത്സരത്തിന് ഇറങ്ങുന്നതെന്നും അമൃത റോയ് പിന്നീട് പ്രതികരിച്ചു.
63,218 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ബിജെപിയുടെ കല്യാൺ ചൗബെക്കെതിരെ മഹുവ 2019-ൽ വിജയിച്ചത്. ചോപ്ര, പലാശിപാര, കാളിഗഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകളാണ് മഹുവയുടെ വിജയത്തിൽ നിർണായകമായത്.