ചെന്നൈ: ഇന്ത്യാ സഖ്യത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശത്തിൽ മറുപടിയുമായി ഡി.എം.കെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയെയും പരാജയപ്പെടുത്താതെ ഡി.എം.കെയ്ക്ക് ഉറക്കമില്ലെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഉദയനിധിയുടെ പ്രതികരണം.

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും വീട്ടിലേക്ക് തിരിച്ചയക്കുന്നത് വരെ തനിക്കും പാർട്ടിക്കും ഉറക്കമില്ലെന്നായിരുന്നു ഉദയനിധി പറഞ്ഞത്. ഡിഎംകെയ്ക്ക് ഉറക്കം നഷ്ടമായി എന്നാണ് പ്രധാനമന്ത്രി മോദി പറയുന്നത്. താങ്കളെ വീട്ടിലേക്ക് അയക്കുന്നത് വരെ ഞങ്ങൾക്ക് ഉറക്കമുണ്ടാകില്ല.

ബിജെപിയെ വീട്ടിലെത്തിക്കുന്നത് വരെ ഞങ്ങൾ ഉറങ്ങില്ല. 2014 -ൽ 450 രൂപയായിരുന്ന ഗ്യാസ് സിലിണ്ടറിന് ഇപ്പോൾ 1200 രൂപയായി. തെരഞ്ഞെടുപ്പ് വന്നതിന് ശേഷം നാടകം കളിച്ച് 100 രൂപ കുറച്ചു. തെരഞ്ഞെടുപ്പിന് ശേഷം സിലിണ്ടറിന് വീണ്ടും 500 രൂപ കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം ആദ്യം ഇന്ത്യാ സഖ്യത്തിനെതിരെ പ്രധാനമന്ത്രി മോദി നടത്തിയ പരാമർശങ്ങളായിരുന്നു ഉദയനിധിയെ ചൊടിപ്പിച്ചത്. വികസന പദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനും അതിന്റെ 'ഘമാണ്ഡിയ' (അഹങ്കാരം) സഖ്യത്തിനും സഹിക്കുന്നില്ല. വികസന പദ്ധതികൾ കാരണം അവർക്ക് ഉറക്കം നഷ്ടമായിരിക്കുന്നു.

വികസനത്തെക്കുറിച്ച് സംസാരിക്കാൻ കോൺഗ്രസിന് ശക്തിയില്ല. വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുമ്പോൾ അതിനെ തെരഞ്ഞെടുപ്പ് തന്ത്രം എന്നാണ് വിളിക്കുന്നത്. നിഷേധാത്മക നിലപാട് മാത്രമാണ് കോൺഗ്രസിന്റെ യഥാർത്ഥ സ്വഭാവം എന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

കഴിഞ്ഞ വർഷം തമിഴ്‌നാട്ടിൽ മൈചോങ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ മോദി തമിഴ്‌നാട് സന്ദർശിച്ചിട്ടില്ലെന്ന ആരോപണവും ഉദയനിധി ആവർത്തിച്ചു ചുഴലിക്കാറ്റിനെത്തുടർന്ന് തമിഴ്‌നാട്ടിൽ നിന്ന് നമ്മുടെ മുഖ്യമന്ത്രി ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്, പക്ഷേ ഇതുവരെ ഒരു രൂപ പോലും ഞങ്ങൾക്ക് നൽകിയിട്ടില്ലെന്നും ഉദയനിധി ആരോപിച്ചു

കേന്ദ്രം സംസ്ഥാനങ്ങൾക്ക് നികുതിവിഹിതം അനുവദിക്കുന്നതിൽ കാട്ടുന്ന വിവേചനത്തിൽ പ്രതിഷേധിച്ച് മോദി '28 പൈസ പ്രധാന മന്ത്രി'യാണെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് മോദിയുടെ സന്ദർശനം ഉണ്ടാകുന്നതെന്നും ഉദയനിധി നേരത്തെ വിമർശിച്ചിരുന്നു.