- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാറിൽ ഹോളി ആഘോഷം: രണ്ട് ദിവസത്തെ അവധി നൽകി രാഷ്ട്രീയ പാർട്ടികൾ
പട്‌ന: ബിഹാറിൽ ഹോളി ആഘോഷത്തിനായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനടക്കം രണ്ട് ദിവസത്തെ അവധി നൽകി രാഷ്ട്രീയ പാർട്ടികൾ. ദീപാവലി മുതൽ ഹോളിവരെയാണ് ഉത്തരേന്ത്യയിൽ തണുപ്പുകാലം. അതുകഴിഞ്ഞ് അന്തരീക്ഷത്തിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും ഇവിടെ ചൂടുപിടിച്ചു കഴിഞ്ഞു. എന്നാൽ, പ്രചാരണത്തിരക്കിന് രണ്ട് ദിവസത്തെ അവധി നൽകിയാണ് ബിഹാറിലെ രാഷ്ട്രീയപാർട്ടികൾ ഹോളി ആഘോഷത്തിൽ പങ്കുചേരുന്നത്.
ഉത്തരേന്ത്യയിൽ മിക്കയിടത്തും തിങ്കളാഴ്ചയാണ് ഹോളിയെങ്കിൽ ബിഹാറിൽ അത് രണ്ടു ദിവസമാണ്. അതിനാൽ ബിഹാറിലെ പാർട്ടി ഓഫീസുകളല്ലൊം രണ്ടുദിവസത്തേക്ക് അടച്ചിട്ടു. ബിജെപി., ജെ.ഡി.യു., ആർ.ജെ.ഡി. തുടങ്ങി എല്ലാ പാർട്ടികളുടെയും ഓഫീസുകൾ രണ്ടുദിവസമായി നിശബ്ദമാണ്. പാർട്ടി ഓഫീസുകൾക്ക് മുന്നിലെല്ലാം അവരുടെ പ്രചാരണ വാഹനങ്ങൾ നിരത്തിയിട്ടിരിക്കുകയാണ്. നാളെ മുതൽ ഇവയെല്ലാം വീണ്ടും സജീവമാകും.
ഏപ്രിൽ 19 മുതൽ ജൂൺ ഒന്നുവരെ നീണ്ടുനിൽക്കുന്ന ഏഴു ഘട്ടങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് ബിഹാർ. അതിനാൽ ഒന്നരമാസമെങ്കിലും നീണ്ടുനിൽക്കുന്ന തീവ്രമായ പ്രചാരണ പരിപാടികൾ തന്നെ ഓരോ രാഷ്ട്രീയ പാർട്ടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. പൗരത്വനിയമഭേദഗതിയും അയോധ്യ രാമക്ഷേത്രവും സർവോപരി മോദിയുടെ പ്രതിച്ഛായയുമാണ് ബിജെപി. ആയുധമാക്കുന്നത്.
അതേസമയം, എൻ.ഡി.എയിലെ സഖ്യകക്ഷിയായ ജെ.ഡി.യു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഭരണ മികവും ജാതി രാഷ്ട്രീയവും നന്നായി ഉപയോഗിക്കുന്നുണ്ട്. സംസ്ഥാനത്തെ ജനസംഖ്യയിൽ 63% വരുന്ന ഒ.ബി.സിയിൽ നിന്ന് അടർത്തിയെടുത്ത അതീവ പിന്നാക്കക്കാരായ ഇ.ബി.സി. വിഭാഗത്തെകൂടി ലക്ഷ്യമിട്ടാണ് നിതീഷിന്റെ പ്രചാരണങ്ങൾ നീങ്ങുന്നത്.
ബിഹാറിൽ ഇന്ത്യ സഖ്യത്തെ നയിക്കുന്ന തേജസ്വി യാദവിന്റെ ആർ.ജെ.ഡിയാവട്ടെ യാദവർ ഉൾപ്പെടുന്ന ഒ.ബി.സി. വിഭാഗത്തിന് പുറമേ മുസ്ലിം വോട്ടുകളും ലക്ഷ്യം വയ്ക്കുന്നു. 40 സീറ്റുകൾ ഉള്ള ബിഹാറിൽ എൻ.ഡി.എയുടെ സ്ഥാനാർത്ഥി പട്ടിക ഏറെക്കുറെ പൂർണ്ണമായിട്ടുണ്ട്. അതേസമയം, മറുഭാഗത്ത് ചില സീറ്റുകളിൽ കോൺഗ്രസ്സും ആർ.ജെ.ഡി.യും കമ്മ്യൂണിസ്റ്റ് പാർട്ടികളും തമ്മിൽ ഇതുവരെ ധാരണയായിട്ടില്ല. ആർ.ജെ.ഡി- കോൺഗ്രസ് സീറ്റ് വിഭജനം പൂർത്തിയാകുന്നതോടെ ബിഹാറിൽ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും.