കോയമ്പത്തൂർ: ഈറോഡ് എംപി.യും എം.ഡി.എം.കെ. നേതാവുമായ എ. ഗണേശമൂർത്തി(77) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ 2.30നു മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗണേശമൂർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. വെള്ളത്തിൽ കലക്കിയ ഉറക്കഗുളിക മുറിയിൽനിന്നു കണ്ടെത്തിയിരുന്നു. ഈറോഡ് ശൂരംപട്ടി പൊലീസ് അന്വേഷിക്കുന്നുണ്ട്. വിഷം ഉള്ളിൽച്ചെന്ന് അവശനിലയിലായ ഗണേശമൂർത്തിയെ ആദ്യം ഈറോഡിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധചികിത്സയ്ക്ക് കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇത്തവണ പാർട്ടിക്ക് ലഭിച്ച ഒരു സീറ്റിൽ എം.ഡി.എം.കെ നേതാവ് വൈക്കോയുടെ മകൻ ദുരൈ വൈക്കോയാണ് മത്സരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഗണേശമൂർത്തിക്ക് സീറ്റ് നൽകാനായിരുന്നു പാർട്ടി പദ്ധതി. എന്നാൽ മുതിർന്ന നേതാവായ ഗണേശമൂർത്തിയോട് ആലോചിക്കുക പോലും ചെയ്യാതെയാണ് പാർട്ടി സീറ്റ് വച്ചുമാറി. ഇതിൽ ഗണേശമൂർത്തി മനോവിഷമത്തിൽ ആയിരുന്നുവെന്നും പാർട്ടി പ്രവർത്തകർ പറയുന്നു. 77 വയസ്സുകാരനായ എംപി പാർട്ടിക്കുവേണ്ടി ഒട്ടേറെ തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. എംഎൽഎയും രണ്ടുതവണ എംപിയുമായി.

(ദുഃഖവെള്ളി പ്രമാണിച്ച് നാളെ(29-03-2024) പൊതു അവധി ആയതിനാൽ മറുനാടൻ മലയാളി പ്രവർത്തിക്കുന്നതല്ല... അപ്‌ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ)