മുംബൈ: ബോളിവുഡ് വെറ്ററൻ താരം ഗോവിന്ദ വീണ്ടും രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ഗോവിന്ദയെ ശിവസേന ഷിൻഡെ വിഭാഗം നേതാവ് കൃഷ്ണ ഹെഗ്‌ഡെ നേരിട്ടു കണ്ടാണ് ആവശ്യം ഉന്നയിച്ചത്. ജൂഹുവിലെ നടന്റ വസതിയിലെത്തിയാണ് ശിവസേന നേതാവ് ചർച്ചകൾ നടത്തിയത്. വെറ്ററൻ താരത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുന്ന കാര്യം ഷിൻഡെ വിഭാഗം ആലോചിക്കുന്നുണ്ട്.

ഷിൻഡെ വിഭാഗം നേതാവും സിറ്റിങ് എംപിയുമായ ഗജാനൻ കിർതിക്കറുടെ മകൻ അമോൽ കിർതിക്കറെയാണ് മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ ഉദ്ധവ് വിഭാഗം സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. ഗജാനൻ കിർതിക്കറിന് മകനെതിരെ മത്സരിക്കുന്നതിൽ താത്പ്പര്യമില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ഗോവിന്ദയെ അവിടെ മത്സരിപ്പിക്കാൻ തീരുമാനിക്കുന്നത്.

നേരത്തെ നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ ബോളിവുഡ് നടി മാധുരി ദീക്ഷിതിന്റെ പേരും ഉയർന്നുവന്നിരുന്നു. ഗോവിന്ദയുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടായേക്കുമെന്നാണ് സൂചന. 2004 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ നോർത്ത് മുംബൈ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ഗോവിന്ദ വിജയിച്ചിരുന്നു.