ഭോപ്പാൽ: ഹോളി ആഘോഷത്തിനിടെ ശരീരത്തിൽപ്പറ്റിയിരുന്ന കളർ കഴുകി കളയാൻ വെള്ളം ചോദിച്ച പെൺകുട്ടിയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ചതായി പരാതി. പായൽ തീവാരിയെന്ന പെൺകുട്ടിയാണ് മുഖത്തും നെഞ്ചിലും കൈയ്ക്കും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത്. അയൽവാസിയായ ഫൈസാനാണ് വെള്ളമൊഴിച്ചതെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു.

അമ്മയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ കിടക്കുന്ന കുട്ടി നിലവിളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പുറത്തുവന്നു. ഹോളി ആഘോഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടി ശരീരത്തിൽപ്പറ്റിയിരുന്ന കളർ കഴുകി കളയാൻ അയൽവാസിയോട് അല്പം വെള്ളം ചോദിച്ചു. ഫൈസാൻ അകത്തുപോയി തിളച്ച വെള്ളംകൊണ്ടുവന്ന കുട്ടിയുടെ മുഖത്തൊഴിക്കുകയായിരുന്നു എന്നാണ് പരാതി.

മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് ദാരുണ സംഭവം.25ന് നടന്ന സംഭവം ഇന്നാണ് പുറത്തുവന്നത്.ഇവരുടെ കുടുംബങ്ങൾ തമ്മിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് വിവരം. എന്നാൽ ഫൈസാന്റെ കുടുംബം ആരോപണം നിഷേധിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.