ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്ററിന്റെ കസ്റ്റഡിയിൽ തുടരുന്ന അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് ഹിന്ദു സേന. വെള്ളിയാഴ്ച ഹർജി സമർപിച്ചത്. കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാൻ ലെഫ്റ്റനന്റ് ഗവർണർക്ക് നിർദ്ദേശം നൽകണമെന്നും ഡൽഹിയുടെ ഭരണം ലെഫ്റ്റനന്റ് ഗവർണർക്ക് കൈമാറി കേന്ദ്രഭരണം നടപ്പാക്കണമെന്നും ഹിന്ദു സേന അധ്യക്ഷൻ വിഷ്ണു ഗുപ്ത ഹർജിയിൽ ആവശ്യപ്പെട്ടു.

കെജ്രിവാളിന്റെ അറസ്റ്റിന് തൊട്ടുപിന്നാലെ സമർപിക്കപ്പെട്ട സമാനമായ ഹർജി വ്യാഴാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കുന്ന നടപടി ജുഡീഷ്യറിയുടെ ഇടപെടലിന് ഉപരിയാണെന്നും നിയമത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരിന്റെ മറ്റ് വിഭാഗങ്ങൾ (എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചർ) വിഷയം പരിശോധിക്കണമെന്നും ജസ്റ്റിസ് മന്മീത് പി.എസ്. അറോറ അഭിപ്രായപ്പെട്ടതായി വാർത്താഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തു.

അറസ്റ്റിലാകുന്നപക്ഷം മുഖ്യമന്ത്രിക്ക് ജുഡീഷ്യൽ കസ്റ്റഡിയിലോ പൊലീസ് കസ്റ്റഡിയിലോ ഇരുന്നുകൊണ്ട് മുഖ്യമന്ത്രിയുടെ ചുമതലകൾ നിർവഹിക്കാമോ എന്ന കാര്യത്തിൽ ഭരണഘടനയിൽ വ്യക്തതയില്ലെന്നാണ് ഹിന്ദു സേനയുടെ പൊതുതാത്പര്യഹർജിയിലെ വാദം. കെജ്രിവാൾ ഭരണഘടനാപരമായ വിശ്വാസ്യത ലംഘിച്ചതായും അക്കാരണത്താൽത്തന്നെ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുക്കുന്നതിനുമുമ്പ് തന്നെ കെജ്രിവാൾ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കണമായിരുന്നുവെന്നും ഹർജിയിൽ പറയുന്നു.

കെജ്‌രിവാൾ മുഖ്യമന്ത്രിയായി തുടരാനും പൊലീസ് കസ്റ്റഡിയിലോ ജുഡീഷ്യൽ കസ്റ്റഡിയിലോ ഭരണനിർവഹണം നടത്താനും തീരുമാനിച്ചിരിക്കുകയാണെന്നും കെജ്രിവാളിന്റെ അറസ്റ്റിനുപിന്നിൽ ഭരണഘടനാപരമായ വിശ്വാസ്യതയുടെ ലംഘനമാണെന്നുള്ള കാര്യം വ്യക്തമായതിനാൽ കെജ്രിവാളിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്നും ഹർജിയിൽ പറഞ്ഞിരിക്കുന്നു.